കൊച്ചി- ലോക്ക് ഡൗണിനു മുമ്പുതന്നെ സംസ്ഥാനത്ത് തീയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ പോലും ഉടനെ തീയേറ്ററുകള്‍ തുറക്കാനാവാത്ത സ്ഥിതിയാണ്. ഇതോടെ ഓണ്‍ലൈന്‍ റിലീസിന്റെ സാധ്യതകള്‍ തേടുകയാണ് നിര്‍മാതാക്കള്‍. വിഷു, പെരുന്നാള്‍ സീസണില്‍ റിലീസിനായി ഒരുക്കിയ നിരവധി സിനിമകള്‍ പെട്ടിയിലായതോടെയാണ് ഈ നീക്കം. ഏകദേശം 600 കോടി രൂപയുടെ നഷ്ടം ലോക്ക് ഡൗണ്‍ മൂലം സിനിമ വ്യവസായത്തിന് സംഭവിച്ചെന്നാണ് പ്രാഥമിക കണക്ക്. ജ്യോതിക നായികയായ പൊന്‍മകള്‍ വന്താല്‍ എന്ന തമിഴ് സിനിമയുടെ ഓണ്‍ലൈന്‍ റിലീസാണ് ഈ തലത്തിലേക്ക് മാറി ചിന്തിക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്. പൊന്‍മകള്‍ വന്താല്‍ സിനിമ ആമസോണ്‍ െ്രെപമിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഈ സാധ്യത മലയാളത്തിലും സ്വീകരിക്കാനാണ് നീക്കം. മോഹന്‍ലാലിന്റെ കുഞ്ഞാലിമരിക്കാര്‍, മമ്മൂട്ടിയുടെ വണ്‍, ടൊവിനോയുടെ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്, ആസിഫിന്റെ കുഞ്ഞെല്‍ദോ തുടങ്ങിയ വിഷു സിനിമകള്‍ റിലീസ് തടസപ്പെട്ടിരിക്കുകയാണ്. പെരുന്നാള്‍ റിലീസും അനിശിചിതത്വത്തിലായി.
വായ്പയെടുത്ത് സിനിമ നിര്‍മ്മിച്ചവര്‍ക്ക് വന്‍ പലിശ ബാധ്യതയും വരുന്നു. ഈ സാഹചര്യത്തില്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ കമ്പനികളുമായി ചില നിര്‍മാതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകളും തുടങ്ങി. എന്നാല്‍ ഇവരുടെ ഭാഗത്ത് നിന്ന് നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ച പ്രതികരണം ആശാവഹമല്ല. തമിഴ് ,തെലുങ്ക് ,ഹിന്ദി സിനിമകളെ അപേക്ഷിച്ച് മലയാള സിനിമക്ക് വലിയ വിപണന സാധ്യതകളില്ല എന്നതാണ് പ്രധാന പ്രശ്‌നം. അതുകൊണ്ട് വളരെ കുറഞ്ഞ നിരക്കാണ് വാഗ്ദാനം ലഭിച്ചിരിക്കുന്നത്. ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് പറഞ്ഞു. ഓണ്‍ലൈന്‍ റിലീസിനെ തീയേറ്റര്‍ ഉടമകള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. പ്രതിസന്ധി നീണ്ടുപോയാല്‍ പുതിയ വഴികള്‍ തേടുകയല്ലാതെ നിര്‍മ്മാതാക്കളുടെ മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല.