ന്യൂഡല്‍ഹി- കരസേനയില്‍ ഓഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതില്‍ അനീതിയും വിവേചനവുമുണ്ടെന്ന് ചൂണ്ടിക്കാട്ടി കരസേനയുടെ സര്‍വീസസ് കോര്‍പ്‌സ് വിഭാഗത്തിലെ ലഫ്റ്റനന്റ് കേണല്‍, ജനറല്‍ പദവികള്‍ വഹിക്കുന്ന ഉന്നത ഓഫീസമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. 'കേന്ദ്ര സര്‍ക്കാരിന്റേയും കരസേനയുടെയും ഈ നീക്കം തങ്ങളുടേയും മറ്റു സൈനികരുടേയും ആത്മവീര്യത്തെ ഹനിക്കുന്നതാണെന്നും രാജ്യത്തിന്റെ പ്രതിരോധത്തെ തന്ന ഇത് പ്രതികൂലമായി ബാധിക്കുമെന്നും' ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗതാഗതം, ഉപകരണങ്ങളെത്തിച്ചു കൊടുക്കല്‍ തുടങ്ങി സൈനിക വിന്യാസത്തെ സഹായിക്കുന്ന കരസേനാ വിഭാഗമാണ് ഇന്ത്യന്‍ ആര്‍മി സര്‍വീസസ് കോര്‍പ്‌സ്.
കരസേനയുടെ പോര്‍ വിഭാഗത്തോടോപ്പം സൈനിക പ്രവര്‍ത്തന മേഖലകളില്‍ തങ്ങളെ വിന്യസിക്കരുതെന്നും ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇത് സര്‍ക്കാരിനു തലവേദനയായേക്കാം. പോര്‍ സേനയോടൊപ്പം വിന്യസിക്കപ്പെട്ട സര്‍വീസസ് കോര്‍പ്‌സ് ഓഫീസര്‍മാര്‍ പോര്‍സേനയുടേതിനു സമാനമായ വെല്ലുവിളികല്‍ നേരിടുന്നുണ്ട്. എന്നാല്‍ പോര്‍ സേനാ ഓഫീസര്‍മാരുടേതിനു തുല്യമായ സ്ഥാനക്കയറ്റം തങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്നും സംയുക്ത ഹര്‍ജിയില്‍ ലെഫ്. കേണല്‍ പി.കെ ചൗധരി ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സര്‍ക്കാരും കരസേനയും തങ്ങളോട് വിവേചനപരമായാണ് പെരുമാറുന്നത്. സൈനിക പ്രവര്‍ത്തന മേഖലകളില്‍ വിന്യാസത്തിനുള്ള ആവശ്യമായ ഒന്നായി സര്‍വീസസ് കോര്‍പ്‌സിനെ പരിഗണിക്കുമ്പോള്‍ സ്ഥാനക്കയറ്റിന് തങ്ങളെ പരിഗണിക്കുന്നില്ല. ഇത് തങ്ങളുടേയും മധ്യനിരയിലുള്ള സൈനിക ഓഫീസര്‍മാരുടേയും മൗലികാവകാശ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 10-15 വര്‍ഷക്കാലം സൈന്യത്തെ സേവിച്ച ഓഫീസര്‍മാരോടാണീ വിവേചനമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.