ബംഗളൂരു- മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. ആന്ധ്രപ്രദേശ് സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. സിസിടിവി ദൃശ്യങ്ങളില്‍ പലയിടത്തായി കണ്ടയാളെയാണ് ചോദ്യം ചെയ്തുവരുന്നത്. ഗാന്ധി ബസാര്‍ മുതല്‍ രാജരാജേശ്വരി നഗര്‍ വരെ ഗൗരി ലങ്കേഷ് സ്ഥിരമായി സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ പരമാവധി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടയാളോടു സാമ്യമുള്ളതിനാലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ഗൗരി ലങ്കേഷിനെ ഇയാള്‍ നിരീക്ഷിക്കുന്നതായി ദൃശ്യങ്ങളില്‍നിന്നു സൂചന ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കു കൊലപാതകത്തിലോ കൊലപാതക ആസൂത്രണത്തിലോ എന്തെങ്കിലും പങ്കുണ്ടോയെന്നാണ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്ന സമയത്ത് പ്രദേശത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇയാളുടെ നമ്പര്‍ കണ്ടെത്തിയിരുന്നു. കുറച്ചുനേരത്തേക്കു ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും പിന്നീട് ഓണ്‍ ചെയ്യുകയും ചെയ്തു. കൊലപാതകത്തോട് അടുത്ത ദിവസങ്ങളിലെല്ലാം ഇയാള്‍ സമീപപ്രദേശങ്ങളില്‍ ഉണ്ടായിരുന്നു.