Sorry, you need to enable JavaScript to visit this website.

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക്  വ്യാഴാഴ്ച ശിലയിടും

അഹമ്മദാബാദ് - രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് അഹമ്മദാബാദിൽ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് തറക്കല്ലിടും. 19 ബില്യൺ ഡോളർ പദ്ധതിയുടെ 85 ശതമാനം ഫണ്ടും വായ്പയായി ജപ്പാനാണ് നൽകുന്നത്.
മോഡിയുടെ സ്വപ്‌ന പദ്ധതിയായ ബുള്ളറ്റ് ട്രെയിനിന് തറക്കല്ലിടൽ അദ്ദേഹത്തിന്റെ സ്വന്തം നാടായ ഗുജറാത്തിൽ തന്നെയാണ്. 14 ന് അഹമ്മദാബാദിൽ ചടങ്ങ് നടക്കുമെന്ന് ഗുജറാത്ത് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. മുംബൈ-അഹമ്മദാബാദ് മേഖലകളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പാത 2023 ൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.  
മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ മുംബൈ-അഹമ്മദാബാദ് യാത്രാസമയം എട്ടിൽനിന്ന് മൂന്നര മണിക്കൂറായി കുറക്കും. 750 യാത്രക്കാരെ വഹിക്കാൻ ശേഷിയുളളതായിരിക്കും ട്രെയിൻ. 2014 ൽ അധികാരത്തിലേറിയപ്പോൾ നരേന്ദ്ര മോഡിയുടെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. അതിവേഗ ട്രെയിൻ സർവീസുകളിൽ മുൻപന്തിയിലുള്ള രാജ്യമാണ് ജപ്പാൻ. ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിനുകളിലൊന്നായ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിൻ ജപ്പാന്റേതാണ്.
ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് 97,636 കോടി രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ട്രാക്ക് നിർമാണം അഞ്ചു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.
508 കിലോമീറ്റർ നീളമുള്ള പാതയിൽ 12 സ്റ്റേഷനുകളുണ്ടാകും. എട്ടെണ്ണം ഗുജറാത്തിലും ആറെണ്ണം മഹാരാഷ്ട്രയിലുമാണ്. മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്‌സിലെ ഭൂഗർഭ സ്റ്റേഷനിൽനിന്നു സർവീസ് തുടങ്ങുന്ന ബുള്ളറ്റ് ട്രെയിൻ കടലിനടിയിലെ തുരങ്കത്തിലൂടെ 21 കിലോമീറ്റർ യാത്ര ചെയ്ത ശേഷം താനെയിൽ മുകളിലെത്തി ഓട്ടം തുടരാനാണ് പദ്ധതി.
ആദ്യ സ്റ്റേഷൻ സ്ഥാപിക്കേണ്ട സ്ഥലത്തിന്റെ ഉടമകളായ മുംബൈ മെട്രോപൊലിറ്റൻ മേഖല വികസന അതോറിട്ടി ഇടക്ക് തർക്കവുമായി രംഗത്തെത്തിയിരുന്നു. സ്റ്റേഷൻ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം സാമ്പത്തിക സേവന കേന്ദ്രത്തിനായി നീക്കിവെച്ചതാണെന്നായിരുന്നു അതോറിട്ടിയുടെ വാദം. തർക്കം നീണ്ടതോടെ, ബുള്ളറ്റ് ട്രെയിനിനായി ഭൂഗർഭ സ്റ്റേഷനും അതിനു മുകളിലായി സാമ്പത്തിക സേവന കേന്ദ്രവുമെന്ന നിർദേശം റെയിൽവേ മുന്നോട്ടുവെച്ചു.
മോഡിയുടെ അറുപത്തേഴാം ജന്മദിനത്തിന് തൊട്ടുമുമ്പായാണ് ആബെ അഹമ്മദാബാദിലെത്തുന്നത്. തന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് സ്വന്തം നാട്ടിൽ ഇത്തരം നയതന്ത്ര കൂടിക്കാഴ്ചകൾ മോഡിയുടെ പതിവാണ്. 2014 ൽ ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങിനെയാണ് മോഡി അഹമ്മദാബാദിലെത്തിച്ചത്. ദ്വിദിന സന്ദർശനത്തിനിടെ നിരവധി കരാറുകൾ ഇരു നേതാക്കളും ഒപ്പുവെക്കും. സംസ്ഥാനത്ത് ജാപ്പനീസ് വ്യവസായ പാർക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച കരാറും ഇതിൽ ഉൾപ്പെടുന്നു.
 

Tags

Latest News