ഇസ്‌ലാമാബാദ്- കൊറോണയ്ക്ക് കാരണം സ്ത്രീകളാണെന്നും സ്ത്രീകള്‍ മോശമായി വസ്ത്രം ധരിക്കുന്നത് കൊണ്ടാണ് രാജ്യത്ത് വൈറസ് വ്യാപിക്കുന്നതെന്നും പരാമര്‍ശിച്ച് പാക്കിസ്ഥാന്‍ പണ്ഡിതന്‍ മൗലാന താരിഖ് ജമീല്‍. കോവിഡ്19 പടരാന്‍ കാരണം സ്ത്രീകളാണ്. അവര്‍ മാന്യമായി വസ്ത്രം ധരിക്കുന്നില്ല. 'സ്ത്രീകളുടെ തെറ്റ്' കാരണം ആണ് മനുഷ്യരാശിക്കെതിരെ ഇത്തരത്തിലൊരു പരീക്ഷണം എത്തിയതെന്ന് മൗലാന താരിഖ് ജമീല്‍ പറഞ്ഞു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സാന്നിധ്യത്തില്‍ നടന്ന തത്സമയ ടെലിവിഷനില്‍ പരിപാടിയിലായിരുന്നു ജമീല്‍ ഈ പ്രസ്താവന നടത്തിയത്. സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിച്ച് നടന്നോണം അല്ലെങ്കില്‍ ഇനിയും വൈറസ് വരും എന്നും മൗലാന പ്രസ്താവിച്ചു. സ്ത്രീകളെ അപലപിച്ച അദ്ദേഹം അവരുടെ പെരുമാറ്റം രാജ്യത്തിന്മേല്‍ അത്രയും കോപം ഉണ്ടാക്കുന്നുവെന്നും പറഞ്ഞു.
പാക്കിസ്ഥാനിലെ അറിയപ്പെടുന്ന പണ്ഡിതനാണ് മൗലാന താരിഖ് ജമീല്‍.
സംഭവം വിവാദമായതോടെ മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കുകയാണെന്നായിരുന്നു ജമീല്‍ നല്‍കിയ മറുപടി. സ്ത്രീകള്‍ക്കെതിരായ പ്രസ്താവനയ്ക്ക് ഹ്യൂമന്‍ റൈറ്റ് കമ്മീഷന്‍ ഓഫ് പാക്കിസ്ഥാനും രംഗത്തെത്തി. സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും എച്ച്ആര്‍സിപി ചൂണ്ടിക്കാട്ടി. പിന്നീട് തന്റെ നാക്കിന്റെ പിഴവുമൂലമാണ് ഇത് സംഭവിച്ചതെന്നും ആ പ്രസ്താവന പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയതിന് അദ്ദേഹം ക്ഷമ ചോദിച്ചില്ല.