ഏപ്രില്‍, മെയ് മാസങ്ങളില്‍ ശമ്പളമില്ലെന്ന് ജീവനക്കാരോട് സ്‌പൈസ്‌ജെറ്റ്

ന്യൂദല്‍ഹി- കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ ജീവനക്കാരും പ്രതിസന്ധിയില്‍. ഇന്ത്യയിലെ പ്രമുഖ സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ സ്പൈസ്ജെറ്റ് ഏപ്രില്‍, മെയ് മാസങ്ങളില്‍ ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന് പൈലറ്റുമാരെ അറിയിച്ചു. യാത്രാ വിമാനനങ്ങള്‍ തീര്‍ത്തും നിലച്ച സാഹചര്യത്തില്‍ ഇപ്പോഴും സര്‍വീസ് തുടരുന്ന ചരക്കുവിമാനങ്ങളിലെ ജീവനക്കാര്‍ക്ക് ജോലി ചെയ്ത മണിക്കൂറുകളുടെ അടിസ്ഥാനത്തിലാവും ഇനി ശമ്പളം നല്‍കുക. 

നിലവില്‍ 16 ശതമാനമായി ചുരുങ്ങിയ സ്പൈസ്ജെറ്റ് സര്‍വീസുകള്‍ക്കുവേണ്ടി കമ്പനിയുടെ 20 ശതമാനം പൈലറ്റുമാമാരാണ് സേവനത്തിലുള്ളത്. അഞ്ച് കാര്‍ഗോ വിമാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. പകുതി വിമാനങ്ങള്‍ സര്‍വീസിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞാല്‍ മുഴുവന്‍ പൈലറ്റുമാര്‍ക്കും ജോലിയുണ്ടാവുമെന്ന് സ്‌പൈസ് ജെറ്റ് മേധാവി ക്യാപ്റ്റന്‍ ഗുരുചരന്‍ അറോറ പറഞ്ഞു. 

രാജ്യത്തെ ചെലവുകുറഞ്ഞ വിമാന സര്‍വീസുകളിലൊന്നായ സ്‌പൈസ് ജെറ്റ് കൊവിഡിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. കോവിഡ് പ്രതിസന്ധിക്കിടെ ബ്രിട്ടീഷ് എയര്‍വേഴ്സ് 12,000 പേരെ പിരിച്ചുവിട്ടത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.  
 

Latest News