ഗുവാഹത്തി- ത്രിപുരയെ സമ്പൂർണ്ണ കോവിഡ് മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു. വടക്കുകിഴക്കൻ മേഖലയിൽ കോവിഡ് രോഗികളില്ലാത്ത അഞ്ചാമത്തെ സംസ്ഥാനമാണ് ത്രിപുര. ത്രിപുരയിൽ ഇതേവരെ രണ്ടു പേർക്ക് മാത്രമായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഇവർ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു. കോവിഡ് ബാധിതരുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും കണ്ടെത്തി ഐസലേറ്റ് ചെയ്താണ് നേട്ടം കൈവരിച്ചതെന്ന് ത്രിപുര അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തെ നാല്പത് ലക്ഷം ജനങ്ങളിലെ 4450 പേരെയാണ് ഇതേവരെ പരിശോധിച്ചത്. പത്തു ലക്ഷം പേരിൽ 1,051 പേരെ ത്രിപുര അധികൃതർ പരിശോധനക്ക് വിധേയമാക്കി. ഇന്ത്യയിൽ ഇതേവരെ പത്തു ലക്ഷം ആളുകളിൽ 470 പേരെ മാത്രമാണ് പരിശോധിച്ചത്.
കഴിഞ്ഞ പതിനാലു ദിവസത്തിനിടെ ഒരു പുതിയ കേസ് പോലും ത്രിപുരയിൽനിന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്തിന് അകത്തേക്ക് പുതുതായി വരുന്നവരെ മുഴുവൻ നിരീക്ഷിക്കുമെന്ന് ത്രിപുര ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ സ്രവം പരിശോധിക്കുകയും ചെയ്യും. മാർച്ച് 23ന് ലോക്ഡൗൺ പ്രഖ്യാപിച്ചാണ് ഇന്ത്യ കോവിഡ് രോഗത്തിന്റെ വ്യാപനം പിടിച്ചുനിർത്തുന്നത്.