ലഖ്‌നൗ- കൊറോണ ലോക്ക്ഡൗണിനിടെ മുസ്‌ലിം കച്ചവടക്കാരില്‍ നിന്ന് പച്ചക്കറി വാങ്ങരുതെന്ന പ്രസ്താവനയെ ന്യായീകരിച്ച് ബിജെപി എംഎല്‍എ. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ എംഎല്‍എ ആളുകളോട് മുസ്‌ലിംകളില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങുന്നത് വിലക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. ഇതിനെതിരെ വന്‍ വിമര്‍ശനമാണ് പല കോണുകളില്‍ നിന്നും നേരിട്ടത്. എന്നാല്‍ 'താന്‍ എന്തെങ്കിലും തെറ്റായി പറഞ്ഞോ'? എന്നാണ് ദിയോറയില്‍ നിന്നുള്ള എംഎല്‍എയായ സുരേഷ് കുമാര്‍ വീണ്ടും ചോദിക്കുന്നത്. അദ്ദേഹം വര്‍ഗീയ പരാമര്‍ശത്തെ ന്യായീകരിച്ച് വീണ്ടും രംഗത്തെത്തിയത് ചര്‍ച്ചയായിട്ടുണ്ട്. പതിനാല് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍ 74കാരനായ എംഎല്‍എ ഹിന്ദിയിലാണ് സംസാരിക്കുന്നത്.
'' എല്ലാവരുടെയും മനസിലുണ്ടാകണം. താന്‍ എല്ലാവരോടും തുറന്നുപറയുകയാണ്. മുസ്‌ലിംങ്ങളില്‍ നിന്ന് ആരും പച്ചക്കറി വാങ്ങേണ്ട കാര്യമില്ല. '' സമീപത്തെ പച്ചക്കറി വില്‍പ്പനക്കാരായ മുസ്‌ലിംങ്ങളെ ചൂണ്ടിക്കാട്ടിയാണ് എംഎല്‍എ വര്‍ഗീയ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ ആഴ്ചയാണ് താന്‍ തന്റെ മണ്ഡലത്തിലെ പത്തോ പന്ത്രണ്ടോ ആളുകളോട് ഇക്കാര്യം പറഞ്ഞതെന്ന് എംഎല്‍എ സമ്മതിച്ചു. ലോക്ക്ഡൗണ്‍ സംബന്ധിച്ചുള്ള സംസാരത്തിനിടയിലായിരുന്നു ഇത്. മുസ്‌ലിം കച്ചവടക്കാര്‍ പച്ചക്കറിയില്‍ തുപ്പുകയും കൊറോണ വ്യാപിപ്പിക്കുമെന്നുമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ല. ഈ കച്ചവടക്കാരില്‍ നിന്ന് കൊറോണ പകരുന്നത് തടയാന്‍ വേണ്ടിയാണ് ആളുകളോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും അദ്ദേഹം ന്യായീകരിച്ചു. തന്റെ പ്രസ്താവനയില്‍ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു.