ചെന്നൈ-സത്യന്‍ അന്തികാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്. ബോക്‌സ് ഓഫീസില്‍ ഈ ചിത്രം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം തന്റെ നായയെ പ്രഭാകരന്‍ എന്ന് വിളിക്കുന്ന ഒരു രംഗമുണ്ട്. എന്നാല്‍ തമിഴ് പുലി തലവന്‍ വേലുപിള്ള പ്രഭാകരനെ ഈ രംഗത്തിലൂടെ കളിയാക്കി എന്ന് ആരോപിച്ച് നിരവധി തമിഴ് സിനിമാ പ്രേമികള്‍ ദുല്‍ഖറിന്റെ ഫേസ്ബുക്ക് പേജില്‍ വിമര്‍ശനം രേഖപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ഇതില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. -വിഷമം തോന്നിയ എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ആരെയും പരിഹസിക്കാന്‍ അല്ല ഈ രംഗം ഉള്‍പ്പെടുത്തിയത്. ഈ രംഗത്തില്‍ ഉപയോഗിച്ച കോമഡി 1988ല്‍ റിലീസ് ആയ പട്ടണപ്രവേശം എന്ന ചിത്രത്തിനെ ഉദ്ദേശിച്ചാണ്-ദുല്‍ഖര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.