സോൾ- ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഭദ്രമാണെന്ന് ദക്ഷിണകൊറിയൻ അധികൃതർ വ്യക്തമാക്കി. ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ സുരക്ഷ ഉപദേഷ്ടാവ് മൂൺ ജേയാണ് ഇക്കാര്യം പറഞ്ഞത്. കിമ്മിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഉയർന്ന അഭ്യൂഹങ്ങളെ തുടർന്നാണ് ദക്ഷിണ കൊറിയയുടെ പ്രതികരണം വന്നത്.
തങ്ങളുടെ സർക്കാറിന്റെ നിലപാട് കൃത്യമാണെന്നും കിം ജീവനോടെയിരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഭദ്രമാണെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. ഏപ്രിൽ പതിനഞ്ച് മുതലാണ് കിമ്മിന്റെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങൾ പടർന്നത്. കിമ്മിന്റെ മുത്തച്ഛനും ഉത്തരകൊറിയയുടെ മുൻ ഭരണാധികാരിയുമായ കിം ഉൽ സുംങ്ങിന്റെ ജന്മദിന ചടങ്ങിൽ കിം ജോംങ് പങ്കെടുത്തിരുന്നില്ല. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഈ ചടങ്ങിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് കിമ്മിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങൾ പടർന്നത്. ഏപ്രിൽ 11ന് ശേഷം ഒരു പൊതുപരിപാടിയിലും കിം പങ്കെടുത്തിട്ടില്ല. ചില അമേരിക്കൻ മാധ്യമങ്ങൾ കിമ്മിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും വ്യക്തമാക്കി. ഈ വാർത്ത തെറ്റാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പറഞ്ഞിരുന്നു. കിമ്മിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പ്രതികരിക്കുന്ന വാർത്ത ശരിയല്ലെന്ന് ഉത്തരകൊറിയയും വ്യക്തമാക്കിയിരുന്നു.