സാന്‍ഫ്രാന്‍സിസ്‌കോ- ലോകത്ത് ആദ്യമായി മൊബൈല്‍ ഫോണ്‍ നിര്‍മിച്ച കമ്പനിയായ മോട്ടോറോളയെ അടച്ചുപൂട്ടലിന്റെ വക്കില്‍നിന്ന് രക്ഷിച്ച ഗൂഗിള്‍ മറ്റൊരു മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളെ കൂടി ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. യു.എസ് വിപണിയില്‍ നല്ല വേരോട്ടമുണ്ടായിരുന്ന തായ്‌വാന്‍ കമ്പനി എച്ച്.ടി. സിയെ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ ഗൂഗിള്‍ നടത്തിവരുന്നതായി ചൈനീസ് പത്രമായ കൊമേഴ്‌സ്യന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിടുന്ന എച്ച്.ടി.സിയാണ് നിലവില്‍ ഗൂഗിളിന്റെ പ്രീമിയം സ്മാര്‍ട്‌ഫോണുകളായ പിക്‌സല്‍ ഫോണുകള്‍ നിര്‍മിക്കുന്നത്. ഒരു പതിറ്റാണ്ടിനിടെ വരുമാനം ഏറ്റവും കുറഞ്ഞ നിലയിലാണിപ്പോള്‍ എച്ച് .ടി.സി.
കമ്പനിയെ പൂര്‍ണമായി വാങ്ങുകയോ അല്ലെങ്കില്‍ തന്ത്രപ്രധാന പങ്കാളിത്തമോ ആണ് ഗൂഗിളിന്റെ പദ്ധതി. എച്ച്.ടി.സിയുടെ വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യാ വിഭാഗമായ എച്ച്.ടി.സി വൈവിനെ ഇടപാടില്‍നിന്ന് ഒഴിവാക്കും. സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ ശാഖയില്‍ മാത്രമാണ് ഗൂഗിളിന്റെ കണ്ണ്. നിലവില്‍ ഗൂഗിളിനു വേണ്ടി പിക്‌സല്‍, പിക്‌സല്‍ എക്‌സ് എല്‍ ഫോണുകള്‍ എച്ച്.ടി.സിയാണ് നിര്‍മിച്ചു നല്‍കുന്നത്.
അതേസമയം ഏറ്റെടുക്കല്‍ സംബന്ധിച്ച് ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ല. 2012ല്‍ മോട്ടോറോളയെ 12.5 ശതകോടി ഡോളറിന് ഏറ്റെടുത്തതിനുശേഷം രണ്ടാം തവണയാണ് ഗൂഗിള്‍ ഒരു മൊബൈല്‍ കമ്പനിയെ വാങ്ങാനൊരുങ്ങുന്നത്. മോട്ടോറോളയെ 2014ല്‍ ഗൂഗിള്‍ വെറും 2.9 ശതകോടി ഡോളറിന് ചൈനീസ് പി.സി നിര്‍മാതാക്കളായ ലെനൊവോയ്ക്ക് വിറ്റിരുന്നു.