ഓക്‌സ്‌ഫോര്‍ഡിന്റെ കോവിഡ് വാക്‌സിന്‍ മൂന്ന്  ആഴചയ്ക്കുള്ളില്‍, ഇന്ത്യയില്‍ സെറം നിര്‍മിക്കും

ന്യൂദല്‍ഹി- ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റിയൂട്ട്.
ഈ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം വിജയിച്ചാല്‍ ഒക്ടോബറോടെ വിപണിയിലെത്തിക്കാനാകുമെന്നും സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു.
വാക്‌സിന്‍ നിര്‍മ്മിക്കുന്ന ഏഴ് ആഗോള സ്ഥാപനങ്ങളിലൊന്നായ സെറം ഇന്‍സ്റ്റിറ്റിയൂട്ടിന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി സഹകരണമുണ്ട്. പുനെ ആസ്ഥാനമായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
രണ്ടാഴ്ചയ്ക്കുള്ളില്‍, ഞങ്ങള്‍ക്ക് പ്രതിമാസം അഞ്ച് ദശലക്ഷം ഡോസുകള്‍ ഉല്‍പാദിപ്പിക്കാനുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറുമാസത്തിനുശേഷം 10 ദശലക്ഷം വരെ ഡോസായി ഉയര്‍ത്താനാകുമെന്നും കരുതുന്നു. സാധാരണ ഒരു വാക്‌സിന്‍ ഉല്‍പാദിപ്പിക്കാന്‍ വളരെയധികം സമയമെടുക്കും,' എസ്‌ഐഐ സിഇഒ അദര്‍ പൂനവാല പറഞ്ഞു.
പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ കോവിഡ് വാക്‌സിന്‍ സെപ്റ്റംബറിലോ ഓക്ടോബറിലോ വിപണിയിലെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കി അടുത്ത 23 ആഴ്ച്ചക്കുള്ളില്‍ വാക്‌സിനായുള്ള പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്നും പൂനവല്ല കൂട്ടിചേര്‍ത്തു.

Latest News