ഹവാന- കോവിഡ് രോഗം തടയുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിന് വേണ്ടിയുള്ള ക്യൂബൻ മെഡിക്കൽ സംഘം ദക്ഷിണാഫ്രിക്കയിലെത്തി. 216 പേരടങ്ങുന്ന സംഘമാണ് ദക്ഷിണാഫ്രിക്കയിൽ എത്തിയത്. ഇതോടെ 1200 ഓളം പേരടങ്ങുന്ന വൈദ്യസംഘമാണ് ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ കോവിഡിനെതിരെ പൊരുതാൻ പ്രയത്നിക്കുന്നത്. ക്യൂബൻ മെഡിക്കൽ സംഘത്തെ സ്വീകരിക്കില്ലെന്ന് നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോൺൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം, വിവിധ ലോകരാജ്യങ്ങൾ ക്യൂബൻ സംഘത്തിന്റെ സഹായം തേടുന്നുണ്ട്. ക്യൂബയിൽ ഇതേവരെ 1337 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 51 പേർ മരിക്കുകയും ചെയ്തു. നേരത്തെ ദക്ഷിണാഫ്രിക്ക ക്യൂബയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ അയച്ചിരുന്നു. ഇതേ വിമാനത്തിലാണ് ക്യൂബയിൽനിന്നുള്ള മെഡിക്കൽ സംഘം ദക്ഷിണാഫ്രിക്കയിൽ എത്തിയത്.