മീററ്റ്- ഹരിയാനയില്‍ നിന്ന് യമുനാനദി നീന്തിക്കടന്ന് ഉത്തര്‍പ്രദേശിലെത്തിയ തൊഴിലാളികളെ പോലീസ് പിടികൂടി ക്വാറന്റൈന്‍ കേന്ദ്രങ്ങളിലാക്കി. ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലെത്തിച്ചേരാന്‍ യമുനാനദി നീന്തിക്കടന്ന 12 തൊളിലാളികളെയാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
പാനിപ്പത്തിലെ പച്ചക്കറിച്ചന്തയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴിലുടമ ഭക്ഷണം നല്‍കുന്നത് നിര്‍ത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയത്. പാനിപ്പത്തില്‍ നിന്ന് 765 കിലോമീറ്റര്‍ അകലെയുള്ള കൗശംബിയിലേക്കായിരുന്നു ഇവരുടെ യാത്ര. എന്നാല്‍ ഷാമിലിയിലെത്തിയപ്പോള്‍ തൊഴിലാളികളെ കണ്ട ഗ്രാമവാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ഹരിയാനയിലെ കുഞ്ജപുരയിലെ 15 തൊഴിലാളികള്‍ യമുനാനദി നീന്തി ഷാംലിയുടെ ചൗസാന ഗ്രാമത്തിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ ഗ്രാമവാസികള്‍ പോലീസിനെ അറിയിക്കുകയും അവരെ തിരിച്ചയക്കുകയും ചെയ്തിരുന്നു.
നൂറുകണക്കിന് തൊഴിലാളികളാണ് യമുനാനദി കടന്ന് മറുകരയെത്താന്‍ ശ്രമം നടത്തുന്നത്. റോഡുകളും അതിര്‍ത്തികളും അടയ്ക്കുന്നതിനെ കുറിച്ച് മാത്രമേ ചിന്തിച്ചിരുന്നുള്ളുവെന്നും ആളുകള്‍ നദി കടക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഉന്നത പോലീസുദ്യോഗസ്ഥന്‍ അറിയിച്ചു