വുഹാനിലേക്ക് ശാസ്ത്രജ്ഞന്മാര്‍ക്ക്  പ്രവേശനം നിഷേധിക്കുന്നു- അമേരിക്ക 

വാഷിംഗ്ടണ്‍- കൊറോണ വൈറസ് ഉത്ഭവം കണ്ടെത്താനുള്ള നിരീക്ഷണത്തിന് വുഹാനിലേക്ക് പോകാനൊരുങ്ങിയ അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് ചൈന പ്രവേശനം നിഷേധിക്കുകയാണെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിക്കണമെന്ന ആവശ്യവുമായാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ അനുമതി ചോദിച്ചത്.
എന്നാല്‍, അമേരിക്കന്‍ സംഘത്തിന് ചൈനയില്‍ സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് ചൈന വ്യക്തമാക്കി കഴിഞ്ഞു. ഫോക്‌സ് ന്യൂസിനോടാണ് പോംപിയോ ഇക്കാര്യങ്ങള്‍ പറഞ്ഞത്. വുഹാനില്‍ മാത്രമല്ല, ചൈനയില്‍ ഒരിടത്തും വൈറസിനെ കുറിച്ച് പഠിക്കാന്‍ ചൈന അമേരിക്കന്‍ ശാസ്ത്രജ്ഞരെ അനുവദിക്കുന്നില്ലെന്നും ലോക ആരോഗ്യ സംഘടനക്ക് വെട്ടിച്ചുരുക്കിയ ഫണ്ട് പുനസ്ഥാപിക്കില്ലെന്നും പോംപിയോ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനക്ക് ഫണ്ട് നല്‍കുന്നതിലൂടെ പ്രത്യേകിച്ച് കാര്യമില്ലെന്നായിരുന്നു പോംപിയോ സൂചിപ്പിച്ചത്. ചൈനയില്‍ നിന്നാണ് വൈറസ് വ്യാപനത്തിന്റെ തുടക്കമെന്ന് എല്ലാവര്‍ക്കുമറിയാം. ലോകമാകെ ഇന്ന് കോവിഡ്  പിടിയിലാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചൈന സഹകരിക്കുന്നില്ല. സുതാര്യത ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ലോകാരോഗ്യ സംഘടനക്കാണ്. അവര്‍ വീഴ്ചവരുത്തുന്നു. അവരുടെ നടപടി മറ്റ് രാജ്യങ്ങള്‍ മനസ്സിലാക്കിയെന്നും പോംപിയോ പറഞ്ഞു.
 

Latest News