ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകളിലെ തട്ടിപ്പ് തടയാന്‍ വണ്‍ ടൈം പാസ് വേഡ് അഥവാ ഒ.ടി.പി മതിയെന്ന് വിശ്വസിക്കുന്നവരാണ് ബാങ്കുകളും ഇടപാടുകാരും. മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ് വഴി ലഭിക്കുന്ന ഒ.ടി.പി നല്‍കിയാല്‍ മാത്രമേ ഇടപാട് നടക്കൂ എന്ന വിശ്വാസമാണ് ഇതിനു കാരണം.
എന്നാല്‍ ഒ.ടി.പിയില്‍ അമിത വിശ്വാസം വേണ്ടെന്നാണ് പുതിയ സൈബര്‍ തട്ടിപ്പുകള്‍ തെളിയിക്കുന്നത്. സിം സ്വാപ് തട്ടിപ്പാണ് ബാങ്കുകള്‍ക്കും ഇടപാടുകള്‍ക്കും വെല്ലുവിളിയായിരിക്കുന്നത്. ഒ.ടി.പി സംവിധാനമുള്ളതിനാല്‍ ഒരിക്കലും തട്ടിപ്പ് നടക്കില്ലെന്നും പണം നഷ്ടപ്പെടില്ലെന്നും വിശ്വസിച്ച് വളരെ ലാഘവത്തോടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടത്തുന്നവര്‍ മുന്‍കരുതലെടുക്കണമെന്ന് ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിങ്ങളുടെ കൈയിലുള്ള സിം കാര്‍ഡിനു പകരം പുതിയ സിംകാര്‍ഡ് സംഘടിപ്പിച്ച് നിങ്ങളുടെ നിലവിലെ മൊബൈല്‍ നമ്പര്‍ അതില്‍ ആക്ടിവേറ്റ് ചെയ്യുന്നതാണ് സിം മാറ്റം അഥവാ സിം സ്വാപ്. സിം കാര്‍ഡ് നഷ്ടപ്പെട്ടാലോ കേടുവന്നാലോ ഉടമകള്‍ യഥാര്‍ഥമായി ചെയ്യുന്നതാണ് സിം സ്വാപ്.
ഇത് ദുരുപയോഗം ചെയ്താണ് സൈബര്‍ തട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് തടസ്സമായ ഒ.ടി.പി മറി കടക്കുന്നത്. ഹാക്കിംഗ് വിദ്യകള്‍ ഉപയോഗിച്ച് ആദ്യം ഉപഭോക്താവിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ശേഖരിക്കുന്നു. ഇതിനുശേഷം ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിനായി പുതിയ ഒരു സിം കാര്‍ഡ് സംഘടിപ്പിക്കുന്നു. യഥാര്‍ഥ ഉപയോക്താവാണെന്ന് മൊബൈല്‍ സേവന ദാതാവിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വ്യാജ കെ.വൈ.സി രേഖകള്‍ സമര്‍പ്പിക്കുന്നതാണ് അടുത്ത ഘട്ടം. ഇതോടെ ഉപയോക്താവിന്റെ കൈയിലുള്ള യഥാര്‍ഥ സിം പ്രവര്‍ത്തന രഹിതമാക്കുന്നു.
അടുത്ത ഘട്ടത്തില്‍ ലഭ്യമായ വിവരങ്ങള്‍ വെച്ചുകൊണ്ട് തട്ടിപ്പുകാരന്‍ ഓണ്‍ലൈന്‍ പണം കൈമാറ്റത്തിനു തുടക്കം കുറിക്കുന്നു. ഇടപാട് പൂര്‍ത്തിയാക്കാനുള്ള ഒ.ടി.പി തട്ടിപ്പുകാരന്‍ മൊബൈല്‍ സര്‍വീസ് ദാതാവില്‍നിന്ന് ആക്ടിവേറ്റ് ചെയ്ത പുതിയ സിം കാര്‍ഡിലേക്കാണ് വരിക. ഇങ്ങനെ ഇടപാട് പൂര്‍ത്തിയാക്കുന്നു.
പൊടുന്നനെ മൊബൈല്‍ ഫോണിലെ സിഗ്നല്‍ റേഞ്ച് അപ്രത്യക്ഷമായാല്‍ ഉടന്‍ തന്നെ ഫോണ്‍നെറ്റ് വര്‍ക്കുമായി ബന്ധപ്പെട്ടാല്‍ സിം സ്വാപിനുള്ള നീക്കം തടയാന്‍ കഴിയും. സിം മാറ്റം വഴിയുള്ള ഓണ്‍ലൈന്‍ തട്ടിപ്പ് തടയാന്‍ ഇനി പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സൈബര്‍ വിദഗ്ധരും ബാങ്കുകളും നിര്‍ദേശിക്കുന്നു.
അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ഇടക്കിടെ പരിശോധിക്കുകയും എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെടുകയും വേണം. എസ്.എം.എസ് അലേര്‍ട്ട് സംവിധാനത്തോടൊപ്പം ഇ-മെയില്‍ അലേര്‍ട്ടിനുകൂടി ബാങ്കില്‍ റജിസ്റ്റര്‍ ചെയ്യണം. എസ്.എം.സിനു പുറമെ, ഇമെയിലിലേക്കും ചില ബാങ്കുകള്‍ ഒ.ടി.പി അയക്കാറുണ്ട്. അങ്ങനെ വരുമ്പോള്‍ ഇമെയിലും സുരക്ഷിതമായി വേണം ഉപയോഗിക്കാന്‍.
ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ ഒരിക്കലും സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തരുത്. ബാങ്കില്‍ നല്‍കിയിരിക്കുന്ന രഹസ്യവിവരങ്ങള്‍ ആരുമായും പങ്കുവെക്കുകയും അരുത്.