മുംബൈ- ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ജിയോ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ബിസിനസില്‍ 570 കോടി ഡോളർ മുതല്‍മുടക്കാനൊരുങ്ങി ഫേസ്ബുക്ക്.
ഇത്രയും വലിയ തുകയുടെ ഓഹരി ഫേസ് ബുക്ക് ഏറ്റെടുത്ത കാര്യം ഇരുകമ്പനികളും സ്ഥിരീകരിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിലൊന്നാണിത്. യുഎസ് സോഷ്യല്‍ മീഡിയ ഭീമനായ ഫേസ് ബുക്കിന് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സാമ്രാജ്യത്തിന്റെ ഭാഗമായ ജിയോ പ്ലാറ്റ്‌ഫോമില്‍ 10 ശതമാനം ഓഹരിയാണ് ലഭിക്കുക.
ഡിജിറ്റല്‍ ബിസിനസ് വര്‍ധിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ മേഖലയില്‍ അതിവേഗം മുന്നേറുന്ന ജിയോയുമായി തങ്ങളുടെ
കീഴിലുള്ള മെസേജിംഗ് ആപ്പായ വാട്‌സാപ്പിന്റെ കരുത്ത് ബന്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പുതിയ കരാര്‍ വെളിപ്പെടുത്തിക്കൊണ്ട് ഫേസ്ബുക്ക് അറിയിച്ചു.
പുതിയ ജിയോ ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമും വാട്സാപ്പും ചേര്‍ന്ന് മൂന്ന് കോടിയോളം വരുന്ന ഇന്ത്യന്‍ ചെറുകിട പലചരക്ക് കടയുടമകളെ സമീപത്തുള്ള എല്ലാ ഉപഭോക്താക്കളുമായും ഡിജിറ്റല്‍ ഇടപാട് നടത്താന്‍ പ്രാപ്തരാക്കുമെന്ന് അംബാനി വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.
40 കോടി ഉപയോക്താക്കളുള്ള ഫേസ്ബുക്കിന്റെ ഏറ്റവും വലിയ ഒറ്റ വിപണിയാണ് ഇന്ത്യ. ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ അതിവേഗം സ്വീകരിച്ചതിലൂടെ ഇന്ത്യ വലിയ സാമൂഹിക, സാമ്പത്തിക പരിവര്‍ത്തനത്തിലാണെന്നും ഫേസ്ബുക്ക് വിലയിരുത്തുന്നു.