തിരുവനന്തപുരം-ലോക്ഡൗണ്‍ കാലത്തെ ക്ഷമയോടെ നേരിടാനും കാത്തിരിക്കാനുമുള്ള സന്ദേശം പങ്ക് വെച്ച് മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. ലോക്ക് ഡൗണ്‍ തീരാന്‍ 21 ദിവസം കാത്തിരുന്ന ജനതക്ക് വീണ്ടും കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തെ പരാമര്‍ശിച്ചാണ് താരം'വി ഷാല്‍ ഓവര്‍ കം' എന്ന തലക്കെട്ടോടെ ബ്ലോഗ് എഴുതിയത്. നഷ്ടപ്പെടുമ്പോഴാണ് എന്തിന്റെയും വില അറിയുന്നതെന്നും സ്വാതന്ത്ര്യവും അങ്ങനെ തന്നെയാണെന്നും താരം ഓര്‍മിപ്പിക്കുന്നു.
എന്ത് വേഗമായിരുന്നു നമ്മുടെ ഓട്ടത്തിന്, എന്തൊരു ആവേശമായിരുന്നു വെട്ടിപ്പിടിക്കാന്‍, ഈ ഓട്ടത്തിനിടെ നാം കണ്ടതെത്ര! കാണാതെ പോയതെത്ര! കേട്ടതെത്ര, കേള്‍ക്കാതെ പോയതെത്ര! കണ്ട വിദൂരവിസ്മയങ്ങളേക്കാള്‍ മോഹനം, കാണാതെ പോയ, വീട്ടുവിസ്മയങ്ങളാണെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കും.' താരം കുറിച്ചു.
ലോക്ഡൗണ്‍ നീട്ടിയ സാഹചര്യം പരിഗണിച്ച് എല്ലാവരും കാത്തിരിക്കേണ്ടതുണ്ടെന്നും ക്ഷമയോടെ എല്ലാവരും അതിന് തയാറാകണമെന്നും അദ്ദേഹം ബ്ലോഗിലൂടെ പറയുന്നു.