Sorry, you need to enable JavaScript to visit this website.

ഗൗരി ലങ്കേഷ് വധം ന്യായീകരിക്കുന്നത് മോഡി ഫോളോ ചെയ്യുന്നവര്‍; ട്വിറ്ററില്‍ കൂട്ടപ്രതിഷേധം

ബംഗളൂരു- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ചില 'ദേശീയവാദികളുടെ' പ്രതികരണത്തിന് പണികിട്ടിയത് പ്രധാമന്ത്രി നരേന്ദ്ര മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ടിന്.
ഗൗരിയുടെ വധത്തെ പിന്തുണച്ചും അവരെ പരിഹസിച്ചും നിരവധി ട്വീറ്റുകളാണ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. നരേന്ദ്ര മോഡി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ചിലരും ഗൗരിയെ അപഹസിച്ച് ട്വീറ്റ് ചെയ്തതായി ഈ ട്വീറ്റുകളുടെ ഉറവിടത്തെ കുറിച്ച് പഠിച്ച ഓള്‍ട്ട് ന്യൂസ് ഡോട്ട് ഇന്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മോഡിക്കെതിരെ ട്വിറ്ററില്‍ പ്രചാരണം ചൂടുപിടിച്ചത്.

മോഡി ഫോളോ ചെയ്യുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകരടക്കം പലരും ഗൗരിയെ വെടിവച്ചു കൊന്നതിനെ ന്യായീകരിച്ചും അവരെ പരിഹസിച്ചും വിഷം ചീറ്റിയത് ഓള്‍ട്ട് ന്യൂസ് തുറന്നു കാട്ടിയിരുന്നു. ഫേസ്ബുക്കിലും ഹിന്ദുത്വവാദികളുടെ വിഷമയമായ പോസ്റ്റുകള്‍ നിറഞ്ഞിരുന്നു.

നരേന്ദ്ര മോഡിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു കൊണ്ടാണ് ട്വിറ്ററാറ്റികളുടെ പ്രതിഷേധം. #BlockNarendraModi ഹാഷ് ടാഗ് ഇന്ന്  വ്യാപകമായി പ്രചരിച്ചു. അധിക്ഷേപിക്കുന്നവരെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന പ്രധാനമന്ത്രിയെ ഫോളോ ചെയ്യേണ്ടതില്ലെന്ന് പ്രഖ്യാപിച്ചാണ് നിരവധി പേര്‍ മോഡിയെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് പ്രതിഷേധിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറക് ഒബ്രെയ്ന്‍ നേരത്തെ രാജ്യസഭയില്‍ ചൂണ്ടിക്കാട്ടിയ വിഷയമാണിത്. മറ്റുള്ളവരെ അപഹസിക്കന്‍ തൊഴിലാക്കിമാറ്റിയവരെ ട്വിറ്ററില്‍ ഫോളോ ചെയ്ത് ഓണ്‍ലൈന്‍ പരിഹാസങ്ങളെ പ്രധാമന്ത്രി പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം ആരോപണമുന്നയിച്ചിരുന്നു.

Latest News