കൊച്ചി-ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് താരമായി മാറുകയും സിനിമകള്‍ സ്വന്തമാക്കുകയും ചെയ്ത നടിയാണ് പ്രിയ വാര്യര്‍. പ്രശസ്തിയോടൊപ്പം തന്നെ വരുന്നതാണ് വിമര്‍ശനങ്ങളും. പ്രിയയ്‌ക്കെതിരേയും സോഷ്യല്‍ മീഡിയ ട്രോളുകളും മറ്റുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അത്തരം ട്രോളുകളൊന്നും തന്നെ ഇപ്പോള്‍ ബാധിക്കാറില്ലെന്ന് പ്രിയ പറയുന്നു. തന്റെ ഒരു നല്ല സിനിമ വന്നാല്‍ തീരാവുന്ന പ്രശ്‌നം മാത്രമേ ഇപ്പോഴുള്ളുവെന്നും പ്രിയ പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു പ്രിയ മനസ് തുറന്നത്.
തുടക്കത്തില്‍ നല്ല വിഷമമുണ്ടായിരുന്നു. ട്രോളുകള്‍ തന്നെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും താനെന്ത് ചെയ്തിട്ടാണ് ഇങ്ങനെ ലക്ഷ്യം വയ്ക്കുന്നതെന്ന് അറിയാത്തതിന്റെ പകപ്പുണ്ടായിരുന്നുവെന്നും പ്രിയ പറയുന്നു. അന്ന് നന്നേ വിഷമിച്ചിരുന്നുവെന്നും പ്രിയ പറയുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറിയെന്നും ഇതെല്ലാം ഈ മേഖലയുടെ ഭാഗമാണെന്ന് തനിക്ക് മനസിലായി. ഈ പറയുന്നവര്‍ തന്നെ നാളെ തന്റെ നല്ലൊരു സിനിമ വന്നാല്‍ മാറ്റിപ്പറയും. സിനിമയില്‍ എല്ലാം താത്ക്കാലികമാണെന്നും പ്രിയ പറഞ്ഞു. അതിനാല്‍ താന്‍ ഈ നെഗറ്റിവിറ്റി മാറ്റി വച്ച് പോസിറ്റിവിറ്റി മാത്രമാണ് കാണാന്‍ ശ്രമിക്കുന്നതെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. ചില കമന്റുകള്‍ താന്‍ ചിരിച്ച് തള്ളും. ചിലത് സുഹൃത്തുക്കളുമായി പങ്കുവച്ച് ചിരിചക്കും. അല്ലാതെ തിരിച്ചു പറഞ്ഞിട്ട് കാര്യമില്ല. രണ്ട് കൈയ്യും കൂട്ടിയിടിച്ചാലല്ലേ ശബ്ദം ഉണ്ടാവൂവെന്നും പ്രിയ ചോദിക്കുന്നു.
അതേസമയം, കുടുംബം നല്‍കിയ പിന്തുണ വലുതാണെന്നും പ്രിയ അഭിപ്രായപ്പെടുന്നു. താന്‍ എപ്പോഴെങ്കിലും തളര്‍ന്ന് പോയാലും അവര്‍ തനിക്ക് കരുത്തു പകരുമെന്നും സ്വയം തെളിയിക്കാന്‍ സമയമുണ്ടെന്നും പ്രവര്‍ത്തിയിലൂടെ മറുപടി നല്‍കണമെന്നുമാണ് അവര്‍ പറഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു. അഡാര്‍ ലവ് ആണ് പ്രിയയുടെ ആദ്യ ചിത്രം. പിന്നീട് രജിഷ വിജയന്‍ ചിത്രം ഫൈനല്‍സിലൂടെ പാട്ടിലും അരങ്ങേറിയിരുന്നു. ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, വികെപിയുടെ കന്നഡ ചിത്രം എന്നിവയാണ് പുറത്തിറങ്ങാനുള്ളത്.