സോള്‍- ഉത്തരകൊറിയന്‍ രാഷ്ട്ര തലവനും ഏകാധിപതിയുമായ കിം ജോങ് ഉനിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ദക്ഷിണ കൊറിയ. കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പ് നിഷേധിച്ചു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് യോന്‍ഹാപ്പ് വാര്‍ത്ത പുറത്തുവിട്ടതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ നില വഷളായെന്നും മസ്തിഷ്‌ക്ക മരണം സംഭവിച്ചതായും മറ്റു ചില അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ട വാര്‍ത്തയില്‍ പറഞ്ഞിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏപ്രില്‍ 12 ന് 36 കാരനായ കിം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നതായി ദക്ഷിണ കൊറിയയിലെ ഡെയ്‌ലി എന്‍ കെയാണ് വാര്‍ത്ത പുറത്തു വിട്ടിരുന്നു.ഏപ്രില്‍ 15 ന് മുത്തച്ഛന്റെ ജന്മദിനാഘോഷത്തില്‍ കിം പങ്കെടുത്തിരുന്നില്ല. അന്ന് മുതല്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. കിമ്മിന്റെ ആരോഗ്യനിലയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കിം അവസാനമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത് ഏപ്രില്‍ 11 ന് ആയിരുന്നു. ഏപ്രില്‍ 15 ന് രാജ്യ സ്ഥാപകനും കിമ്മിന്റെ മുത്തച്ഛനുമായ കിം ഇല്‍ സംഗിന്റെ ജന്മദിന ദിവസം കിംഗ് ജോംഗ് ഉന്നിന്റെതായി ഒരു ഔദ്യോഗിക പ്രഖ്യാപനമോ ഒന്നും ഉണ്ടായിരുന്നില്ല. സാധാരണ ഈ ദിവസം ഇതുവരെ കിംഗ് ജോംഗ് ഉന്‍ മാറി നിന്നിട്ടില്ല. അമിതവണ്ണവും പുകവലിയും അധികജോലിയും കിമ്മിന്റെ ആരോഗ്യനില വഷളാക്കിയിരുന്നു എന്നും ഹൃദയസംബന്ധിയായ പ്രശ്‌നത്തെ തുടര്‍ന്ന് കിം ഹ്യാംഗ് സാനിലെ വില്ലയില്‍ ചികിത്സ തേടിയിരുന്നതായും വെബ്‌സൈറ്റ് വാര്‍ത്ത പുറത്തു വിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഏപ്രില്‍ 12 ന് ഉന്നിനെ ഹ്യാംഗ് സാനിലെ മൗണ്ട് കുംഗാംഗ് റിസോര്‍ട്ടിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എന്നായിരുന്നു ദക്ഷിണ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് നില മെച്ചപ്പെട്ടതോടെ ഏപ്രില്‍ 19 ന് പ്യൊഗ്യോംഗിലേക്ക് വൈദ്യസംഘത്തോടൊപ്പം തിരിച്ചു വരികയും ചെയ്തതായിട്ടാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തത്.2014 ലും ഒരു മാസത്തോളം കിംഗ് പൊതുവേദിയില്‍ നിന്നും വിട്ടു നിന്നിരുന്നു. കിമ്മിന്റെ ആരോഗ്യത്തെ സംശയിച്ച് ഊഹാപോഹങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നാലെ ഇദ്ദേഹം തിരിച്ചു വരികയും ചെയ്തു. ഏതായാലും പുതിയ വാര്‍ത്തകളോട് ഉത്തരകൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. ദേശീയ സുരക്ഷാ കൗണ്‍സിലും ദേശീയ ഇന്റലിജന്‍സ് ഡയറക്ടറും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.