"രാജകുമാരിയായ എന്റെ പ്രിയ മകളില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല" നിഷ ജിന്‍ഡാല്‍ എന്ന പേരില്‍ സത്രീയുടെ പ്രൊഫൈല്‍ ചിത്രത്തിന് താഴെ കൊടുത്തിരിക്കുന്ന ഈ വിവരണം കാണുന്നവര്‍ വാല്‍സല്യനിധിയായ ഒരു അമ്മയെയാവും പ്രതീക്ഷിക്കുക. പ്രൊഫൈല്‍ പിന്തുടരുന്ന ആയിരക്കണക്കിനു പേരും കരുതിക്കാണുക ഇതുതന്നെയാണ്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ 'ആരാധകരെ' ഞെട്ടിച്ചുകൊണ്ട് പതിവ് പോസ്റ്റുകള്‍ക്ക് വിപരീതമായി ഒരു ചിത്രം നിഷ പങ്കുവയ്ക്കുന്നു. 'ഞാനാണ് നിഷ ജിന്‍ഡാല്‍, ഞാനിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്!" ഒപ്പം കാവി നിറത്തിലുള്ള മുശിഞ്ഞ മാസ്ക്ക് കഴുത്തിലേക്ക് താഴ്ത്തിയിട്ട് പോലീസ് കസ്റ്റഡിയില്‍ വിരണ്ടുനില്‍ക്കുന്ന ഒരു യുവാവിന്റെ ചിത്രവും.
ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍മാര്‍ ഫെയിസ്ബുക്കില്‍ വാഴുന്ന കാലത്ത് പ്രൊഫൈല്‍ ചിത്രങ്ങള്‍ കണ്ട് കൂട്ടുകൂടാന്‍ എത്തുന്നവര്‍ എന്നും പണിവാങ്ങിക്കാറാണ് പതിവ്. വ്യാജ പേരിലും, സ്ത്രീയായും പുരുഷനായും പ്രത്യക്ഷപ്പെടുന്ന അക്കൗണ്ടുകള്‍ക്ക് പിറകില്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് പലപ്പോഴും നമ്മള്‍ അറിയുന്നത് തട്ടിപ്പും വെട്ടിപ്പുമായി വിലസി ഒടുവില്‍ പോലീസ് പിടിയിലാവുമ്പോള്‍ മാത്രമാണ്. നിഷ ജിന്‍ഡാല്‍ എന്ന സ്ത്രീ പ്രൊഫൈലിനു പിന്നിലെ വിരുതനും ഛത്തീസ്ഗഡിലെ റായ്‌പൂരിൽനിന്ന് പിടിയിലാവുന്നത് അങ്ങനെയാണ്.
വിദ്വേഷം പരത്തുന്ന പോസ്റ്റ് പങ്കുവച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് പതിനൊന്നായിരത്തിനടുത്ത് ഫോളോവേഴ്സുള്ള 'നിഷ ജിന്‍ഡാലി'നെ പോലീസ് പിന്തുടരുന്നത്. ഉടമയുടെ വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ സാങ്കേതിക വിദഗ്ധര്‍ ഐപി പിന്തുടര്‍ന്ന് ഉടമയെ ട്രാക്ക് ചെയ്തതോടെ നിഷ ജിന്‍ഡാലിനെ തേടിയിറങ്ങിയ പോലീസിന് ഒടുവില്‍ ലഭിച്ചത് രവി എന്ന യുവാവിനെ. റായ്പൂര്‍ സ്വദേശിയായ കക്ഷി, പാസാവാത്ത എഞ്ചിനീയറിംഗ് പേപ്പറുകള്‍ എഴുതിയെടുക്കാന്‍ പതിനൊന്നാം വര്‍ഷവും ശ്രമം തുടരുന്നതിനിടെയുള്ള ഒരു നേരമ്പോക്കായിരുന്നു നിഷ ജിന്‍ഡാലിലേക്കുള്ള ഈ പരകായ പ്രവേശം. നിഷ മാത്രമല്ല, മറ്റ് 15 ഓളം ഫേക്ക് അക്കൗണ്ടുകള്‍ സ്വന്തമായി കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് പുള്ളി പോലീസിനോട് സമ്മതിച്ചത്. ഒടുവില്‍ വ്യാജ അക്കൗണ്ടുകളിലൊക്കെ ഒറിജിനലിന്റെ ചിത്രവും പോലീസ് കസ്റ്റഡിയിലാണെന്ന അടിക്കുറുപ്പും പോലീസ് തന്നെയാണ് പോസ്റ്റ് ചെയ്യിച്ചത്. പരിചയമില്ലെങ്കിലും പേരും പ്രൊഫൈല്‍ ചിത്രവും നോക്കി ചങ്ങാത്തം കൂടാനെത്തുന്ന 'നേരമ്പോക്കുകാരും' അറിയട്ടെ തങ്ങളും കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന്.