ലണ്ടന്‍- വായ്പാ തട്ടിപ്പ് കേസില്‍ ഇന്ത്യക്ക് കൈമാറുന്നതിനെതിരേ മദ്യവ്യവസായി വിജയ് മല്ല്യ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച ബ്രിട്ടീഷ് കോടതി തള്ളി. ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിന് കേസ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പാട്ടീലിന് കൈമാറിയിരിക്കുകയാണ്. ജില്ലാ കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് ഇര്‍വിനും എലിസബത്ത് ലെയിംഗും ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവ് ഇമെയില്‍ വഴിയാണ് പുറപ്പെടുവിച്ചത്. മല്യയ്ക്ക് എതിരായി ഇന്ത്യയുടെ എല്ലാ വാദങ്ങളും അംഗീകരിച്ച കോടതി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും ഉന്നയിക്കുന്നതിനെക്കാള്‍ ഗൗരവമുള്ള കുറ്റങ്ങളാണ് മല്യ ചെയ്തിരിക്കുന്നതെന്ന് നിരീക്ഷിച്ചു.
സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നേരിടാന്‍ ഇന്ത്യക്കു കൈമാറണമെന്ന 2018ലെ ബ്രിട്ടീഷ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് വിവാദ വ്യവസായി വിജയ് മല്ല്യ മേല്‍ക്കോടതിയെ സമീപിച്ചത്. നിരവധി ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നായി മല്ല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് 9,000 കോടി രൂപ വായ്പ വാങ്ങിയതില്‍ നടത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ് 64കാരനായ മല്ല്യ വിചാരണ നേരിടേണ്ടത്.