മുംബൈ- രാജ്യത്തെ നടുക്കിയ 1993ലെ മുംബൈ തുടർ സ്‌ഫോടന കേസിൽ മുഖ്യപ്രതി അബൂസലീമിന് ജീവപര്യന്തം തടവ്. മറ്റ് പ്രതികളായ താഹിർ മർച്ചന്റ്, ഫിറോസ് ഖാൻ എന്നിവർക്ക് വധശിക്ഷയും വിധിച്ചു. മറ്റൊരു പ്രതി ഖലീമുള്ള ഖാനും ജീവപര്യന്തം തടവ് ലഭിച്ചു. മുഖ്യപ്രതി അബൂസലീമിനെ പോർച്ചുഗലിൽനിന്നാണ് പോലീസ് പിടികൂടിയിരുന്നത്. ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോൾ വധശിക്ഷ നൽകാൻ പാടില്ലെന്ന് പോർച്ചുഗൽ സർക്കാറുമായി കരാർ ഉണ്ടാക്കിയിരുന്നു. വധശിക്ഷ നിരോധിച്ച രാജ്യമാണ് പോർച്ചുഗൽ. 257 പേരുടെ മരണത്തിനും 713 പേർക്ക് ഗുരുതരമായും പരിക്കേൽക്കാൻ ഇടയായ സ്‌ഫോടന കേസിലെ പ്രതികൾക്കാണ് മുംബൈ കോടതി ശിക്ഷ വിധിച്ചത്. 2005-ലാണ് അബൂസലീമിനെ പോർച്ചുഗലിൽനിന്ന് പിടികൂടിയത്. മറ്റൊരു പ്രതിയായ മുസ്തഫ ദോസയെ യു.എ.ഇയിൽനിന്ന് പിടികൂടിയിരുന്നു. കേസിൽ കുറ്റക്കാരനാണെന്ന വിധി പുറത്തുവന്ന ശേഷം ദോസ മരിച്ചു. കേസിലെ മറ്റൊരു പ്രതിയായ ദാവൂദ് ഇബ്രാഹീം ഇപ്പോഴും ഒളിവിലാണ്. ഈ കേസിലാണ് 2015 ജൂലൈ 30ന് യാക്കൂബ് മേമന് വധശിക്ഷ നടപ്പാക്കിയത്.
സ്‌ഫോടക വസ്തുക്കൾ എത്തിക്കുന്നതിലും വിതരണം ചെയ്യുന്നതിലും അബു സലീം, മുഹമ്മദ് ദോസ എന്നിവർ പങ്കാളിയെന്ന് കോടതി കണ്ടെത്തിയിരുന്നു. ദുബായിൽ നിന്നും ആയുധങ്ങൾ എത്തിച്ചതിലും ദോസക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു.
അതേസമയം കേസിലെ മറ്റൊരു പ്രതിയായ അബ്ദുൾ ഖയ്യൂമിനെതിരായ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇയാളെ ജയിലിൽനിന്ന് മോചിപ്പിച്ചു. സ്‌ഫോടനം നടന്ന് 24 വർഷത്തിനു ശേഷമാണ് കേസിൽ വിധി പറയുന്നത്.
1993ലെ മുംബൈ തുടർ സ്‌ഫോടന കേസിൽ പിന്നീട് വിചാരണ നടന്ന ഏഴുപേരുടേ കേസിലാണ് പ്രത്യേക ടാഡ കോടതിയുടെ വിധി. 2003നും 2010നും ഇടയിൽ അറസ്റ്റിലായവരാണ് ഈ ഏഴുപേർ. ഇവരുടെ വിചാരണ പ്രത്യേകം നടത്തുകയായിരുന്നു. അബു സലിം, മുസ്തഫ ദോസ, ഫിറോസ് അബ്ദുൾ റാഷിദ് ഖാൻ, താഹിർ മർച്ചന്റ്, റിയാസ് സിദ്ദിഖി, അബ്ദുല്ല ഖുയ്യാം ഷെയ്ക്ക്, കരിമുള്ള ഖാൻ എന്നിവരാണ് ടാഡാ കോടതിയിൽ വിചാരണ നേരിട്ടത്. ക്രിമിനിൽ ഗൂഡാലോചന, രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
മറ്റൊരു കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന അബു സലിം ഇപ്പോൾ റായ്ഗഡിലെ തലോര സെൻട്രൽ ജയിലിലാണ്.
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, എയർ ഇന്ത്യ ബിൽഡിങ്, സെഞ്ച്വറി ബസാർ, കാത്ത ബസാർ, ദാദറിലെ പ്ലാസ തിയറ്റർ, ജുഹിയിലെയും സാന്റാക്രൂസിലെയും പഞ്ചനക്ഷത്ര ഹോട്ടലായ സെൻഞ്ചൂർ, ബാന്ദ്രയിലെ സീ റോക്ക് എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. ഇതിന് പുറമെ മാഹിമിലും സഹർ രാജ്യന്താര വിമാനത്താവളത്തിലും ആൾക്കൂട്ടത്തിന് നേരെ ഗ്രനേഡ് ആക്രമണവുമുണ്ടായി.
1993 മാർച്ച് 12നാണ് മുംബെ നഗരത്തിലെ 13 ഇടങ്ങളിൽ സ്‌ഫോടനങ്ങളുണ്ടായത്.