അമ്മാന്‍-ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ബ്ലെസി, പൃഥ്വിരാജ് എന്നിവരടക്കം അമ്പതിലേറെപ്പേര്‍ ജോര്‍ദ്ദാനില്‍ കുടുങ്ങിയിരിക്കുകയാണ്. കൊറോണയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഉണ്ടായതോടെ ഷൂട്ടിംഗ് സംഘത്തിന് മടങ്ങിയെത്താനായില്ല. സംസ്ഥാന സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും വിമാനസര്‍വ്വീസുകള്‍ അടക്കം നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇവരെ തിരികെ എത്തിക്കാനുമായില്ല.
കേവലം ഒന്‍പത് ദിവസമാണ് ഷൂട്ടിങ് നടന്നത്. ജോര്‍ദാനിലെ മരുഭൂമിയിലെ ക്യാമ്പില്‍ കഴിയുന്ന 58 അംഗ ഇന്ത്യന്‍ സംഘം പക്ഷേ ഈ അവസ്ഥയെ പരമാവധി പോസിറ്റീവായി കാണാന്‍ ശ്രമിക്കുകയാണെന്നാണ് സിനിമയുടെ സംവിധായകന്‍ ബ്ലെസ്സി പറയുന്നു. ഇന്ത്യക്കാരായി 58 പേരും മുപ്പതോളം ജോര്‍ദാനികളുമാണ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ക്യാമ്പിലുള്ളത്. വളരെ കര്‍ശനമായ രീതിയിലുള്ള കര്‍ഫ്യൂവാണ് ജോര്‍ദ്ദാനില്‍. ജോര്‍ദാന്‍ പയനീര്‍ എന്നൊരു കമ്പനിയാണ് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഇപ്പോള്‍ സാധ്യമായ എല്ലാ പിന്തുണയും കിട്ടുന്നുമുണ്ട്. മലയാള സിനിമാ മേഖലയില്‍ നിന്നുള്ളവരെല്ലാം ഞങ്ങളുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. സുരേഷ് ഗോപിയും മോഹന്‍ലാലും ബി. ഉണ്ണികൃഷ്ണനും ഇടവേള ബാബുവും രഞ്ജിത്തും അനിലും മറ്റു സിനിമാ സംഘടനാഭാരവാഹികളുമൊക്കെ നിരന്തരം വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നുണ്ട്' ബ്ലെസി പറഞ്ഞു. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സംഘം ഈസ്റ്ററും വിഷുവും ആഘോഷിച്ചുവെന്നും എല്ലാവരും ഈ സാഹചര്യത്തെ മനസ്സിലാക്കി പരസ്പരം സഹായിച്ചും സഹകരിച്ചും കഴിയുകയാണെന്നും ബ്ലെസി പറഞ്ഞു.