Sorry, you need to enable JavaScript to visit this website.

കോവിഡ് ഭേദമാകാന്‍ ഉപ്പും മഞ്ഞളും കലക്കിയ  വെള്ളം പ്രയോഗിച്ചാല്‍ മതി-കര്‍ണാടക മന്ത്രി

ബംഗളുരു-കോവിഡ് പ്രതിരോധത്തിന് ഉപ്പും മഞ്ഞളും കലക്കിയ വെള്ളം നല്ലതാണെന്ന അശാസ്ത്രീയ വാദവുമായി കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലു.ബെല്ലാരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി വിചിത്ര വാദമുന്നയിച്ചത്.
ഉപ്പും മഞ്ഞളും കലക്കിയ വെള്ളം ഉപയോഗിച്ച് കവിളില്‍ കൊള്ളുന്നവര്‍ക്ക് കോവിഡ് രോഗം ഭേദമായിട്ടുണ്ടെന്നും ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ചൂടുവെള്ളം കുടിക്കുന്നതും കോവിഡ് വരാനുള്ള സാധ്യത ഇല്ലാതാക്കും. ചൈനയിലെ ആളുകളും ഇത് ചെയ്തിരുന്നുവെന്നു എന്ന വാദവും മന്ത്രി നിരത്തി.
താനൊരു ഡോക്ടറല്ലെന്നും ചില ആരോഗ്യ ലേഖനങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ വെയില്‍ കൊള്ളുന്നത് കോവിഡ് രോഗം ഭേദപ്പെടുത്തുമെന്ന് ശ്രീരാമുലു പറഞ്ഞിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ 13 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 384 ആയി ഉയര്‍ന്നു. 104 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 14 പേരാണ് കോവിഡ് ബാധിച്ച് കര്‍ണാടകയില്‍ മരിച്ചത്. മൈസൂരിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 61 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.
 

Latest News