ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ രാംപുരില്‍ അക്രമികള്‍ അണുനാശിനി കുടിപ്പിച്ച ശുചീകരണത്തൊഴിലാളി മരിച്ചു. മോട്ടിപുര ഗ്രാമത്തിലെ കുന്‍വര്‍ പാല്‍ എന്ന യുവാവാണ് അഞ്ചംഗ സംഘത്തിന്റെ അതിക്രമത്തിന് ഇരയായി മരണപ്പെട്ടത്. ഏപ്രില്‍ 14നായിരുന്നു സംഭവം. പ്രദേശത്ത് അണുനശീകരണം നടത്തുന്നതിനിടെ അബദ്ധത്തില്‍ ഇന്ദ്രപാല്‍ എന്ന ഒരു യുവാവിന്റെ കാലില്‍ അണുനാശിനി വീണു. ഇതില്‍ ക്ഷുഭിതനായ ഇന്ദ്രപാലും സുഹൃത്തുക്കളും ചേര്‍ന്ന് അണുനാശിനി തെളിക്കുന്ന മെഷീന്റെ പൈപ്പ് കുന്‍വറിന്റെ വായിലേക്ക് സ്‌പ്രേ ചെയ്യുകയായിരുന്നു.അസ്വസ്ഥകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുന്‍വറിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇയാളെ ടി.എം.യു മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 17ന് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ കുന്‍വറിന്റെ സഹോദരന്റെ പരാതിയില്‍ പോലീസ് അഞ്ച് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.