ഡെറാഡൂണ്- ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് കുടുങ്ങിയ വിദേശികള്‍ കൈവശമുണ്ടായിരുന്ന പണം തീര്‍ന്നപ്പോള്‍ താമസിച്ചിരുന്ന ഹോട്ടലില്‍നിന്നിറങ്ങി ഗുഹയില്‍ ചേക്കേറി. ഉത്തരാഖണ്ഡില്‍ ഗുഹയില്‍ കഴിഞ്ഞിവന്നിരുന്ന ആറംഗ വിദേശ സംഘത്തെ ലോക്ക്ഡൗണ്‍ പരിശോധനയ്ക്ക് ഇറങ്ങിയ പോലീസാണ് കണ്ടെത്തിയത്. അമേരിക്ക, തുര്‍ക്കി, യുക്രൈന്‍, ഫ്രാന്‍സ്, നേപ്പാള്‍ എന്നീരാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ആര്‍ക്കും രോഗ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായി എല്ലാവരേയും ക്വാറന്റൈന്‍ സെന്ററിലേയ്ക്ക് മാറ്റിയതായും പോലീസ് അറിയിച്ചു
മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങുന്ന സംഘം ലക്ഷ്മണ്‍ ഝുല മേഖലയില്‍ ഗംഗ നദിക്ക് സമീപത്തുള്ള ഒരു ഗുഹയിലാണ് കഴിഞ്ഞിരുന്നത്. പ്രദേശത്ത് വിദേശികള്‍ കഴിയുന്നത് ശ്രദ്ധയില്‍പെട്ടതായി നാട്ടുകാരില്‍ ചിലരാണ് പോലീസിനെ അറിയിച്ചത്. ഇവര്‍ സമീപത്തുനിന്ന് വിറക് ശേഖരിച്ച് ഗുഹയില്‍ ഭക്ഷണം പാകം ചെയ്തതായി പോലീസ് പറഞ്ഞു. ഗംഗയില്‍ നിന്നാണ് ഇവര്‍ വെള്ളം ശേഖരിച്ചിരുന്നത്. രണ്ട്മാസം മുമ്പ് ഇന്ത്യയിലെത്തിയ തങ്ങള്‍ കൈയിലുണ്ടായിരുന്ന പണം തീര്‍ന്നതോടെ മാര്‍ച്ച് 24നാണ് താമസം ഗുഹയിലേക്ക് മാറ്റിയതെന്ന് വിദേശികള്‍ പോലീസിനോട് പറഞ്ഞു.