Sorry, you need to enable JavaScript to visit this website.

റോഹിങ്യ മുസ്ലിം പാലായനം ദുരന്തമാകുമെന്ന് യുഎൻ മുന്നറിയിപ്പ്; നടപടി തടയാൻ ചൈനയേയും റഷ്യയേയും കൂട്ടുപിടിക്കാൻ മ്യാൻമർ ശ്രമം

ജനീവ- യംഗോൺ ഭരണകൂട അടിച്ചമർത്തലും നിരന്തര ആക്രമണത്തിനു ഇരയായി മ്യാൻമറിലെ വടക്കു പടിഞ്ഞാറൻ സംസ്ഥാനമായ റാഖൈനിൽ നിന്നും പാലായനം ചെയ്യുന്ന റോഹിങ്യ മുസ്ലിംകളുടെ എണ്ണം ഒന്നര ലക്ഷത്തോടടുക്കുന്നു. രണ്ടാഴ്ചക്കിടെയാണ് അയൽ രാജ്യമായ ബംഗ്ലാദേശിലേക്കുള്ള ഈ കൂട്ടപ്പാലായനം. ഇതൊരു മനുഷ്യ ദുരന്തമായിമാറുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പു നൽകി. റോഹിങ്യ മുസ്ലിംകളുടെ ദുരിതത്തിൽ ആശങ്കയറിച്ച് യു.എൻ രക്ഷാ സമിതിക്ക് അയച്ച കത്തിലാണ് ഗുട്ടെറസ് ഇത് മനുഷ്യ ദുരന്തത്തിൽ കലാശിക്കുമെന്ന് പറഞ്ഞത്. ഗുട്ടെറസിന്റേത് അപൂർവ നീക്കമായാണ് വിദേശ മാധ്യമങ്ങൾ വിശേഷപ്പിച്ചത്. മ്യാൻമറിൽ വംശീയ ഉന്മൂലന ഭീഷണിയുണ്ടെന്നും ഇത് മേഖലയെ അസ്ഥിരപ്പെടുത്തുമെന്നും  യു.എൻ മേധാവി മുന്നറിയിപ്പു നൽകി.  

കൂട്ടപ്പാലായനം രൂക്ഷമായതോടെ വിവിധ ലോക രാജ്യങ്ങളും സംഘടനകളും മ്യാൻമറിനു മേൽ യു എൻ സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നു. ഇതോടെ യു. എൻ രക്ഷാസമിതിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടി തങ്ങൾക്കെതിരെ ഉണ്ടാകുകയാണെങ്കിൽ അതു തടയാൻ സഹായം തേടി മ്യാൻമർ ചൈനയുമായും റഷ്യയുമായും ചർച്ച നടത്തി വരികയാണ്. 
തങ്ങൾക്കെതിരെ യു എൻ പ്രമേയം കൊണ്ടുവരികയാണെങ്കിൽ അതിനെ എതിർക്കാൻ രക്ഷാ സമിതിയിലെ വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങളായ ഈ രാജ്യങ്ങളെ കൊണ്ട് കഴിയുമെന്നാണ് മ്യാൻമറിന്റെ കണക്കു കൂട്ടൽ. 'ചൈന ഞങ്ങളുടെ സുഹൃത്താണ്. അതുപോലുള്ള സൗഹൃദ ബന്ധമാണ് റഷ്യയുമായും മ്യാൻമറിനുള്ളത്. അതു കൊണ്ട് ഈ വിഷയവുമായി മുന്നോട്ടു പോകാൻ സാധ്യമല്ല,' മ്യാൻമർ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് താവുങ് തുൻ പറഞ്ഞു.  

ജനാധിപത്യ പോരാളി എന്നു പരക്കെ വിശേഷിപ്പിക്കപ്പെടുന്ന മ്യാൻമർ നേതാവ് ഓങ് സാൻ സൂകിയുടെ മൗനവും ലോകമൊട്ടാകെ ചർച്ചയായിരിക്കുകയാണ്. മ്യാൻമറിൽ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് പ്രതികരിക്കാതെ പ്രശ്‌നമുണ്ടാക്കുന്നത് 'തീവ്രവാദികൾ' ആണെന്ന അവരുടെ പ്രസ്താവന കടുത്ത പ്രതിഷേധത്തിനിടയാക്കി. റാഖൈനിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് 'തെറ്റായ വിവരങ്ങളുടെ ഐസ് മല'യാണ് പുറത്തു വരുന്നതെന്നും ഇതിനു പിന്നിൽ 'തീവ്രവാദികൾ' ആണെന്നും പറയുന്ന അവരുടെ പ്രസ്താവനയിൽ ഒരിടത്തും ദുരിതം പേറി പാലായനം ചെയ്യേണ്ടിവരുന്ന ലക്ഷത്തിലേറെ റോഹിങ്യകളെ കുറിച്ച് ഒരു പരാമർശവുമില്ല.

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും മുസ്ലിം സംഘടനകളും സൂ കിക്കെതിരെ പ്രതിഷേധിച്ചു രംഗത്തെത്തി. ബുദ്ധ മത ഭൂരിപക്ഷ രാജ്യമായ മ്യാൻമറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് പലയിടത്തും ആയിരക്കണക്കിനാളുകൾ അണിനിരന്ന പ്രകടനങ്ങളാണ് അരങ്ങേറിയത്.

Latest News