ന്യൂദൽഹി- ആം ആദ്മി പാർട്ടി എംഎൽഎയുടെ ഉപദ്രവത്തെത്തുടർന്ന് ദല്‍ഹിയില്‍ ഡോക്ടർ ആത്മഹത്യ ചെയ്തു. അമ്പത്തി രണ്ടുകാരനായ രാജേന്ദ്ര സിംഗാണ് ആംആദ്മി പാര്‍ട്ടി എംഎല്‍എ പ്രകാശ് ജർവാളിനും കൂട്ടാളികള്‍ക്കുമെതിര ആത്മാഹത്യാ കുറിപ്പ് എഴുതിവച്ച് താമസസ്ഥലത്ത് തൂങ്ങി മരിച്ചത്. ഭരണകക്ഷി നേതാവും കൂട്ടാളിയും തന്നോട് പണം നല്‍കാന്‍ ആവശ്യപ്പെട്ടതായും നൽകാൻ വിസമ്മതിച്ചപ്പോൾ അവർ തന്റെ ബിസിനസ്സ് തകര്‍ക്കാന്‍ ശ്രമിച്ചതായും രണ്ട് പേജുള്ള കുറിപ്പിൽ ആരോപിക്കുന്നു. എംഎല്‍എയുടെ നിരന്തര ഉപദ്രവത്തെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. എംഎല്‍എയില്‍നിന്നും, കൂട്ടാളി കപിൽ നഗറില്‍നിന്നും ഏല്‍ക്കേണ്ടിവന്ന പീഡനങ്ങളെ കുറിച്ച് വിവരിക്കുന്ന പേഴ്സണല്‍ ഡയറിയും പോലീസിന് ലഭിച്ചിട്ടുണ്ട്.
ദൽഹിയിലെ നെബ് സരായ് പ്രദേശത്ത് താമസിക്കുന്ന രാജേന്ദ്ര സിംഗ് ടാങ്കറുകള്‍ വാടകയ്ക്ക് നല്‍കുന്ന ബിസിനസ് നടത്തുന്നുണ്ട്. ദല്‍ഹി ജൽ ബോർഡിനും രാജേന്ദ്ര സിംഗ് ടാങ്കറുകൾ വാടകയ്ക്ക് നൽകുന്നുണ്ട്. ഇക്കാര്യം പറഞ്ഞ് സ്ഥലം എംഎല്‍എആയ പ്രകാശ് ജർവാള്‍ പണം ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാതിരുന്നതിനാല്‍ ജല്‍ ബോര്‍ഡ് രാജേന്ദ്ര സിംഗുമായുള്ള കരാര്‍ റദ്ദാക്കുകയായിരുന്നു. തനിക്ക് എംഎല്‍എയില്‍നിന്ന് വധഭീഷണിയുള്ളതായും ഡയറിയില്‍ പറയുന്നു.
സംഭവത്തില്‍ എംഎൽഎയ്ക്കും കൂട്ടാളിക്കും എതിരെ പിടിച്ചുപറി, ആത്മഹത്യ പ്രേരണ, ഭീഷണിപ്പെടുത്തൽ എന്നീ കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. 2018 ൽ, ദല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയയും ചെയ്തതിന് ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് എഎപി എംഎല്‍എയായ പ്രകാശ് ജർവാള്‍.