Sorry, you need to enable JavaScript to visit this website.

സഹോദരിയുടെ അക്കൗണ്ട് റദ്ദാക്കി; ട്വിറ്റർ ഇന്ത്യയില്‍ പൂട്ടണമെന്ന് കങ്കണ റാവത്ത്

മുംബൈ- വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് സഹോദരിയുടെ അക്കൗണ്ട് സസ്‌പെന്റ് ചെയ്തതിനു പിന്നാലെ ട്വിറ്റര്‍ അടച്ചുപൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബോളിവുഡ് നടി കങ്കണ റാവത്ത്.
സഹോദരിയായ രംഗോലിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതിനെതിരായാണ് കങ്കണയുടെ പ്രതികരണം.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ അടച്ചുപൂട്ടണമെന്ന്  ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കങ്കണ ആവശ്യപ്പെടുന്നു. ഇന്ത്യ സ്വന്തം സോഷ്യല്‍ മീഡിയ തുടങ്ങണമെന്നും അവർ ആവശ്യപ്പെടുന്നു.
മതസ്പര്‍ധ വളര്‍ത്തുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ്  രംഗോലിക്ക് ഒരുലക്ഷത്തിനടുത്ത് ഫോളോവേഴ്സുള്ള ട്വിറ്റര്‍ അക്കൗണ്ട്  നഷ്ടപ്പെട്ടത്. കൊറോണ വൈറസ് ബാധിച്ച് ഒരു ജമാഅത്തി മരിച്ചതിനു പിന്നാലെ അവരുടെ കുടുംബാംഗങ്ങളെ പരിശോധിക്കാന്‍ ചെന്ന ഡോക്ടര്‍മാരെയും പോലീസിനെയും അവര്‍ ആക്രമിച്ചു കൊലപ്പെടുത്തി. ഈ മുല്ലമാരെയും സെക്കുലര്‍ മാധ്യമങ്ങളെയും നിരത്തി നിര്‍ത്തി വെടിവെച്ചു കൊല്ലണം-എന്നായിരുന്നു കഴിഞ്ഞ ദിവസം രംഗോലി ട്വിറ്ററില്‍ കുറിച്ചത്.
താനും സഹോദരിയും മുസ്ലിംകള്‍ക്കെതിരെ വംശഹത്യക്ക് ആഹ്വാനം ചെയ്തതായി ഫറാ ഖാന്‍ അലിയും റീമ കഗ്തിയും തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും കങ്കണ തന്റെ വീഡിയോയില്‍ പറയുന്നു. ഡോക്ടര്‍മാര്‍ക്ക് നേരെയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും അക്രമണം അഴിച്ച് വിടുന്നവരെ വെടിവച്ച് കൊല്ലാനാണ് സഹോദരി ആവശ്യപ്പെട്ടതെന്നും മുസ്ലിംകളെല്ലാം ഡോക്ടര്‍മാരെയും പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കുന്നുവെന്ന് താനോ സഹോദരിയോ വിശ്വസിക്കുന്നില്ലെന്നും കങ്കണ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ആര്‍.എസ്.എസ് പോലുള്ള സംഘടനകളെയും തീവ്രവാദികള്‍ എന്ന് വിളിക്കാന്‍ ട്വിറ്റര്‍ അനുവദിക്കുമ്പോള്‍  യഥാര്‍ത്ഥ തീവ്രവാദികളെ തീവ്രവാദികള്‍ എന്ന് വിളിക്കാന്‍ ട്വിറ്റര്‍ അനുവദിക്കുന്നില്ലെന്നും അതുകൊണ്ട്   ട്വിറ്ററിനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കരുതെന്നും കങ്കണ ആവശ്യപ്പെട്ടു.

 

Latest News