Sorry, you need to enable JavaScript to visit this website.

സഹായിക്കേണ്ട സമയത്ത് അതുണ്ടായില്ല; ഇറ്റലിയോട്  ക്ഷമാപണം നടത്തി യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്- കൊറോണ വൈറസ് ഇറ്റലിയില്‍ പടര്‍ന്ന് പിടിച്ച ആദ്യ ഘട്ടത്തില്‍ സഹായിക്കാന്‍ തയ്യാറാവാത്തതില്‍ ഇറ്റലിയോട് ക്ഷമാപണം നടത്തി യൂറോപ്യന്‍ യൂണിയന്‍. യൂണിയന്‍ പാര്‍ലമെന്റില് നടത്തിയ പ്രസംഗത്തിലാണ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ ഇറ്റലിയോട് ക്ഷമാപണം നടത്തിയത്.
ഇറ്റലിക്ക് സഹായം ആവശ്യമായിരുന്ന സമയത്ത് ആരും അതിന് തയ്യാറായിരുന്നില്ല. ആളുകള്‍ ഉണ്ടായിരുന്നില്ല എന്നതും സത്യമാണ്. ഇതിന് യൂറോപ്പ് ഒന്നാകെ ഇറ്റലിയോട് ക്ഷമാപണം നടത്തുന്നുവെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് പറഞ്ഞു.
ഇറ്റലിക്ക് സഹായം വേണ്ടപ്പോള്‍ സഹായിക്കാന്‍ തയ്യാറാവാതിരുന്നത് ന്യായീകരിക്കാനാവില്ല. പക്ഷെ ഇതിനെ അതിജീവിക്കാന്‍ പരസ്പരം സഹായിക്കണമെന്ന് തിരിച്ചറിയാന്‍ ഏറെ നാള്‍ വേണ്ടിവന്നില്ലെന്നും അവര്‍ പറഞ്ഞു.
ഇപ്പോഴിതാ പോളണ്ടില്‍ നിന്നും റൊമാനിയയില്‍ നിന്നുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഇറ്റലിയെ സേവിക്കുന്നു, ജര്‍മനിയില്‍ നിന്നുള്ള വെന്റിലേറ്ററുകള്‍ സ്‌പെയിനിലെ ജീവനുകള്‍ രക്ഷിക്കുകയാണ്, നാം പരസ്പരം ചേര്‍ത്തുപിടിക്കുന്നു. യഥാര്‍ഥ യൂറോപ്പ് ഒന്നായി നില്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു.
കൊറോണയ്ക്ക് ശേഷമുള്ള പ്രതിസന്ധിയില്‍ നിന്നും യൂറോപ്പിനെ വീണ്ടെടുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ബജറ്റിനെ മുഴുവനായും പ്രയോജനപ്പെടുത്തും, ഈ പ്രതിസന്ധിയെ നേരിടാനുള്ള ഏക പോംവഴി യൂറോപ്യന്‍ ബജറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധിയുടെ തുടക്കത്തില്‍, യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങളായ രാജ്യങ്ങള്‍ ഇറ്റലിയെ സഹായിച്ചിരുന്നില്ല എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫ്രാന്‍സും ജര്‍മ്മനിയും സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് കയറ്റുമതി നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു.

Latest News