കൊച്ചി-സിനിമയില്‍ ഏറെ ഗോസിപ്പുകള്‍ കേള്‍ക്കേണ്ടി വന്ന തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് തിരുവല്ലക്കാരി നയന്‍താര. സാധാരണ അഭിമുഖങ്ങള്‍ക്കു വിസ്സമ്മതിക്കാറുള്ള നയന്‍ തന്റെ മുന്‍കാല പ്രണയങ്ങളെക്കുറിച്ച് അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ മനസ്സു തുറന്നിരിക്കുകയാണ്.
വിശ്വാസമില്ലാത്ത സ്ഥലത്ത് സ്‌നേഹം നിലനില്‍ക്കില്ല. വിശ്വസിക്കാന്‍ കഴിയാത്ത ഒരാള്‍ക്കൊപ്പം ജീവിക്കുന്നതിനെക്കാള്‍ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ എന്റെ മുന്‍കാല ബന്ധങ്ങള്‍ അവസാനിപ്പിച്ചു,' നയന്‍സ് പറയുന്നു. വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ലെന്നും തന്റെ കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളില്‍ നിന്നൊക്കെ കര കയറാന്‍ തന്നെ സഹായിച്ചതെന്നും നടി പറഞ്ഞു.
തമിഴില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ കാലത്ത് താരം സിമ്പുവുമായി പ്രണയത്തിലാണെന്നു ഗോസിപ്പുകളുണ്ടായിരുന്നു. വല്ലവന്‍(2006) എന്ന സിനിമയുടെ സമയത്താണ് ഇരുവരും പ്രണയത്തിലായത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ ബന്ധം അധികം നീണ്ടു നിന്നില്ല. പിന്നീട് താരം നടനും നൃത്തസംയോജകനുമായ പ്രഭുദേവയുമായി അടുപ്പത്തിലായതായും വാര്‍ത്തകള്‍ വന്നിരുന്നു. വിവാഹിതരാകാന്‍ വരെ തയ്യാറെടുത്തുവെങ്കിലും ആ ബന്ധവും പാതിവഴിയില്‍ മുറിഞ്ഞുപോയി.
അതിനു ശേഷമാണ് നയന്‍താര വിഘ്‌നേഷ് ശിവനുമായി അടുപ്പത്തിലാകുന്നത്. 'നാനും റൗഡി നാന്‍ താന്‍' (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു അത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇടയ്ക്കിടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ഒന്നും ഇരുവരും ഔദ്യോഗികമായി ഒന്നും സംസാരിച്ചിട്ടില്ല. സീ അവാര്‍ഡ് സ്വീകരിക്കാനെത്തിയ നയന്‍താര തന്റെ സോഷ്യല്‍ മീഡിയയിലെ ഫോട്ടോകളെക്കുറിച്ചും വിഘ്‌നേഷുമായുളള പ്രണയത്തെക്കുറിച്ചും ആദ്യമായി തുറന്നു പറയുകയുണ്ടായി.
താന്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണെന്നും അതു തന്റെ മുഖത്തു നിങ്ങള്‍ക്കിപ്പോള്‍ കാണാനാവുന്നുണ്ടെന്നു കരുതുന്നതായും നയന്‍താര പറഞ്ഞു. ജീവിതത്തില്‍ ഒരാള്‍ക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തില്‍ സമാധാനമുണ്ട്. മനസിനു സമാധാനമുണ്ട്. ആ സമാധാനം നിങ്ങള്‍ക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യയാകാം, ഭര്‍ത്താവാകാം, ചിലപ്പോള്‍ നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്നയാളാകാം. എന്റെ സ്വപ്നങ്ങള്‍ അയാളുടെ സ്വപ്നങ്ങളായി കണ്ട്, അതിനുവേണ്ട പിന്തുണ നല്‍കി കൂടെ നില്‍ക്കുന്നത് വളരെ സന്തോഷമായ കാര്യമാണ്. അതാണ് എന്റെ സന്തോഷവു- വിഘ്‌നേഷിന്റെ പേരെടുത്തു പറയാതെയാണ് നയന്‍താര ഇക്കാര്യങ്ങള്‍ പറഞ്ഞത്.