വൈറസ് ബാധിതനായ ഒരാളുടെ സമീപമെത്തുമ്പോൾ ആവശ്യമായ മുന്നറിയിപ്പ് നൽകുന്നതാണ് ഡിജിറ്റൽ കോൺടാക്ട് ട്രേസിംഗ് എന്ന ആപ് ആശയത്തിനു പിന്നിൽ. ലോകത്തെമ്പാടുമുള്ള ഗവേഷകരും ആരോഗ്യ സ്ഥാപനങ്ങളും ഈയൊരു പരിഹാരത്തിനു പിന്നാലെയാണ്.
- മഹാമാരിയെ നിയന്ത്രിക്കാനും ലോക്ഡൗണിൽനിന്ന് മോചിപ്പിക്കാനും സ്മാർട്ട് ഫോൺ ആപിന്റെ സാധ്യത പരിശോധിക്കുന്നു.
- കോവിഡ് വ്യാപനം തടയാനുള്ള പ്രധാന മാർഗം രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവക്കുകയാണ്. ഇതിന് സഹായകമാകുന്നതാണ് കോൺടാക്ട് ട്രേസിംഗ് സംവിധാനം
- അറുപത് ശതമാനം ജനങ്ങളെങ്കിലും ആപ് ഉപയോഗിച്ചാൽ ഫലപ്രദമാകുമെന്ന് ഗവേഷകർ.
ലോകത്തെമ്പാടും ഭീതി വിതച്ചിരിക്കുന്ന കോവിഡിനെ പിടിച്ചുകെട്ടാൻ ഒരു സ്മാർട്ട് ഫോൺ ആപ്പിനു സാധിക്കുമോ? ലോകവ്യാപകമായി തുടരുന്ന ലോക്ഡൗണുകൾ അവസാനിപ്പിക്കാനും സമ്പദ്ഘടനകൾ വീണ്ടും തുറക്കാനും ഇത് വഴി സാധിക്കുമെന്നതാണ് താൽപര്യജനകമായ ചർച്ച.
വൈറസ് ബാധിതനായ ഒരാളുടെ സമീപമെത്തുമ്പോൾ ആവശ്യമായ മുന്നറിയിപ്പ് നൽകുന്നതാണ് ഡിജിറ്റൽ കോൺടാക്റ്റ് ട്രേസിംഗ് എന്ന ആപ് ആശയത്തിനു പിന്നിൽ. ലോകത്തെമ്പാടുമുള്ള ഗവേഷകരും ആരോഗ്യ സ്ഥാപനങ്ങളും ഈയൊരു പരിഹാരത്തിനു പിന്നാലെയാണ്. രോഗികളെ കണ്ടെത്താനുള്ള ട്രേസിംഗ് കൂടുതൽ ഫലപ്രദമാക്കാൻ ഗൂഗിൾ, ആപ്പിൾ പോലുള്ള കമ്പനികൾ തയാറായിട്ടുമുണ്ട്.
കോൺടാക്റ്റ് ട്രേസിംഗ് സ്മാർട്ട് ഫോൺ ആപ് പതിപ്പ് ജനങ്ങൾ ഡൗൺലോഡ് ചെയ്ത് കോവിഡുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണം. വൈറസ് ബാധിതനായ ഒരാളുടെ സമീപമെത്തിയാൽ ഫോണിലെ ബ്ലൂ ടൂത്ത് വയർലസ് സിഗ്നൽ അക്കാര്യം അറിയിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഗവേഷക സംഘങ്ങളാണ് ഏറ്റവും ഫലപ്രദമായ സംവിധാനം വികസിപ്പിക്കാൻ ശ്രമിക്കുന്നത്. സിംഗപ്പൂരിൽ ഇത്തരമൊരു സംവിധാനം ഉപയോഗിച്ചിട്ടുണ്ട്. വൈറസ് ബാധിതനായ ഒരാളുടെ സാന്നിധ്യമുണ്ടായാൽ ജാഗ്രത പുലർത്താനും സ്വയം കരുതൽ നിരീക്ഷണത്തിൽ പ്രവേശിക്കാനും അലർട്ടുകൾ സഹായകമാകും. രണ്ട് പ്രധാന മൊബൈൽ ഫോൺ കമ്പനികളായ ഗൂഗിളും ആപ്പിളും സഹകരിക്കുന്നതിലൂടെ ഇരുഫോണുകളിൽ ഈ ആപ് വഴിയുള്ള മുന്നറിയിപ്പുകൾ യഥാസമയം ഉപയോക്താവിൽ എത്തുന്നതിന് സഹായകമാകും. കോൺടാക്ടുകൾ നിരീക്ഷിക്കുന്നതിന് ആപ്പിലെ ഡിജിറ്റൽ കീ പ്രവർത്തനക്ഷമമാക്കാൻ തങ്ങളുടെ ടെക്‌നോളജിക്ക് സാധിക്കുമെന്ന് ഗൂഗിളും ആപ്പിളും വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ ആരോഗ്യ പ്രവർത്തകർ നീണ്ട അഭിമുഖം നടത്തി കോവിഡ് ബാധിതരെ കണ്ടെത്തുന്ന രീതി മാറ്റുന്നതിന് സ്മാർട്ട് ഫോൺ സംവിധാനം സഹായിക്കുമെന്ന് മസാച്ചുസറ്റ്‌സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകൻ ഫ്രാൻസിസ്‌കോ ബെനെഡെറ്റി പറയുന്നു.
കോൺടാക്ട് ട്രേസിംഗിനു വേണ്ടി 30 ലേറെ രാജ്യങ്ങളിലെ സർക്കാറുകൾക്കും ആരോഗ്യ സ്ഥാപനങ്ങൾക്കുംവേണ്ടി പ്രവർത്തിക്കുന്ന സംഘത്തിന് നേതൃത്വം നൽകുന്നത് ഇദ്ദേഹമാണ്. രോഗികളുമായുള്ള ആശയവിനിമയത്തിന് ഡോക്ടർമാർ വളരെ കൂടുതൽ സമയമാണ് പാഴാക്കുന്നതെന്ന് ബെനെഡെറ്റി പറഞ്ഞു. ആളുകളുടെ ഓർമയെ ആശ്രയിക്കാത്തതിനാൽ ഡിജിറ്റൽ സംവിധാനം കൂടുതൽ ഫലപ്രദമാകുമെന്നും പരസ്പരം അറിയാത്ത ആളുകളെയാണ് ആപ്പിലൂടെ നിർണയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധാരാളം ആളുകൾ ആപ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ശേഷം രോഗലക്ഷണങ്ങൾ രേഖപ്പെടുത്തിയാൽ മാത്രമേ ഇത് ഫലപ്രദമാകൂയെന്ന് ഗവേഷകർ തന്നെ അഭിപ്രായപ്പെടുന്നു. വേണ്ടത്ര ജനങ്ങൾ ഉപയോഗിച്ചാൽ മാത്രമേ, പകർച്ചവ്യാധി നിയന്ത്രിക്കുകയെന്ന ലക്ഷ്യം നേടാനാവുകയുള്ളൂവെന്ന് ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റി ഗവേഷകർ സയൻസ് മാഗസിനിൽ അഭിപ്രായപ്പെട്ടു.
ഫ്രാൻസ്, ജർമനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ കോൺടാക്ട് ട്രേസിംഗിനെ കുറിച്ച് പഠിക്കാനും നടപ്പിലാക്കാനും ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. അമേരിക്ക സുരക്ഷിതമായി വീണ്ടും തുറക്കാൻ കോവിഡ് ടെസ്റ്റുകൾ വ്യാപിപ്പിക്കന്നതക്കമുള്ള നടപടിളോടൊപ്പം കോൺടാക്ട് ട്രേസിംഗും സുപ്രധാനമാണെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ പറഞ്ഞു. ലോക്ഡൗൺ എവിടെയൊക്കെ അവസാനിപ്പിക്കാൻ സാധിക്കുമെന്ന് തീരുമാനിക്കാൻ ഡിജിറ്റൽ സിസ്റ്റം സഹായിക്കുമെന്ന് ഗവേഷകൻ ബെനെഡിറ്റി പറഞ്ഞു. വൈറസുകൾ എങ്ങനെ പരക്കുന്നുവെന്ന് കണ്ടെത്താനും ഹീറ്റ് മാപ്പുകൾ തയാറാക്കുവാനും ആവശ്യമായ സ്ഥലങ്ങളിൽ മാത്രം ക്വാറന്റൈൻ തീരുമാനിക്കാനും സഹായകമാകുമെന്നാണ് അവകാശവാദം.
ജനങ്ങൾ കൂട്ടത്തോടെ ആപ് ഡൗൺലോഡ് ചെയ്യുമോ, തങ്ങളുടെ സ്റ്റാറ്റസ് അപ് ലോഡ് ചെയ്യുമോ എന്നീ ചോദ്യങ്ങളാണ് വലിയ വെല്ലുവിളിയായി മുന്നിലുളളത്. 60 ശതമാനം ആളുകൾ തയാറായാൽ മഹമാരിയെ പിടിച്ചുകെട്ടാൻ സാധിക്കുമെന്ന് സന്നദ്ധ സംഘടനയായ കോവിഡ് വാച്ച് സഹസ്ഥാപകനും ഗവേഷകനുമായ ടിന വൈറ്റ് പറയുന്നു.