ന്യൂദല്‍ഹി-കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം. ലോക് ഡൗണ്‍ കാലയളവില്‍ നാട്ടിലേക്ക് വരാനായി വിമാനടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് പണം മുഴുവനായി തിരികെ നല്‍കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. വിമാനക്കമ്പനി പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ആഭ്യന്തര വിമാനയാത്രക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ആദ്യ ഘട്ട ലോക്ഡൗണ്‍ കാലയളവില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണമാണ് തിരികെ നല്‍കുന്നത്.
മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം പൂര്‍ണമായി മടക്കി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ വ്യോമയാന കമ്പനികളോട് ആവശ്യപ്പെട്ടത്. സമാന കാലയളവില്‍ ബുക്ക് ചെയ്ത ആഭ്യന്തര വിമാനയാത്രക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. കാന്സലേഷന് ചാര്‍ജ്ജ് ഈടാക്കരുത്. ടിക്കറ്റ് റദ്ദാക്കാനുളള അപേക്ഷ നല്കി മൂന്നാഴ്ചക്കകം പണം റീഫണ്ട് ചെയ്യണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ലോക് ഡൗണ്‍ നീട്ടിയ മെയ് മൂന്ന് വരെയുള്ള യാത്രക്ക് വാങ്ങിയ ടിക്കറ്റുകള്‍ക്കാണ് റീഫണ്ട് ലഭിക്കുക.
ഏപ്രില്‍ 15 മുതല്‍ ബുക്കിംഗ് സ്വീകരിച്ചിരുന്നെങ്കിലും ആഭ്യന്തര റൂട്ടില്‍ ടിക്കറ്റ് റീഫണ്ട് നല്‍കില്ലെന്ന് വിമാന കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. യാത്രക്കാരില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വ്യോമയാന മന്ത്രി ഇടപെട്ടത്.