ജനീവ- ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിവരുന്ന ധനസഹായം താത്കാലികമായി നിര്‍ത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. കോവിഡിനെതിരെയുള്ള പോരാട്ടത്തിനിടെ ലോകാരോഗ്യ സംഘനടയ്‌ക്കോ മറ്റേതെങ്കിലും മാനുഷിക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കോ നല്‍കുന്ന സഹായം കുറയ്ക്കാനുള്ള സമയമല്ല ഇതെന്ന് അന്റോണിയോ ഗുട്ടറസ് ട്രംപിനെ ഓര്‍മ്മപ്പെടുത്തി.
വൈറസിനെ ഇല്ലായ്മ ചെയ്യാന്‍ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിത്. അന്താരാഷ്ട്ര സമൂഹം വൈറസിനെതിരേ ഒന്നിച്ച് പോരാടണമെന്നും ഗുട്ടറസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കൊറോണ വൈറസിനെതിരേയുള്ള യുദ്ധത്തില്‍ വിജയിക്കാന്‍ ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കണമെന്നും ഗുട്ടറസ് അഭിപ്രായപ്പെട്ടു.മഹാമാരി തടയുന്നതില്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയ ലോകാരോഗ്യ സംഘടന ചൈനയുടെ താല്പര്യങ്ങള്‍ക്ക് അനുസൃതമായി മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നല്‍കില്ലെന്ന് പ്രഖ്യാപിച്ചത്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക ഘട്ടത്തിലൂടെ രാജ്യങ്ങള്‍ കടന്നു പോകുമ്പോഴാണ് ലോകത്തോ ഞെട്ടിച്ച് കൊണ്ടുള്ള ട്രംപിന്റെ ഈ പ്രഖ്യാപനം.