Sorry, you need to enable JavaScript to visit this website.

കോവിഡ് 19 മൃതദേഹം കത്തിക്കുന്നതിനെതിരെ   ശ്രീലങ്കയില്‍ വ്യാപക  പ്രതിഷേധം

കൊളംബോ-  കൊറോണ വൈറസ്  ബാധിച്ച് മരിക്കുന്നവരുടെ  മൃതദേഹം കത്തിക്കുന്നതിനെതിരെ  ശ്രീലങ്കയില്‍ വ്യാപക  പ്രതിഷേധം.    രാജ്യത്തെ മുസ്‌ലിം സമുദായമാണ്   മൃതദേഹം കത്തിക്കുന്നതിനെതിരെ  പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.  ബന്ധുക്കളുടെ താല്പര്യങ്ങളെയും മതവികാരങ്ങളെയും മാനിക്കാത്ത നീക്കമാണ് ഇതെന്ന് മുസ്‌ലിം  സാമുദായിക സംഘടനകള്‍  ആരോപിച്ചു. 
ശ്രീലങ്കയിലെ  ജനസംഖ്യയില്‍ 10% മുസ്‌ലീങ്ങളാണ്. മൃതദേഹം ദഹിപ്പിക്കുന്നത്  ഇസ്ലാമിക നിയമമനുസരിച്ച് അനുവദനീയമല്ല. കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍  അവര്‍ ഏതു  മത വിഭാഗത്തില്‍പ്പെട്ടവരായാലും  കത്തിച്ചുകളയണമെന്ന നിര്‍ദേശം  കഴിഞ്ഞ ദിവസമാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. മതവികാരങ്ങള്‍ മനിക്കാതെയായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. 
കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം 800- 1200 ഡിഗ്രി സെല്‍ഷ്യസില്‍ 45 മിനിട്ട് നേരം കത്തിച്ച് മുഴുവനായും ചാരമാക്കിമാറ്റണമെന്നാണ്  സര്‍ക്കാര്‍  പുറത്തിറക്കിയ  ഉത്തരവില്‍ പറയുന്നത്. കത്തിച്ചു കളയാതെ കുഴിച്ചുമൂടുന്നതുവഴി ഉണ്ടാകാനിടയുള്ള രോഗപ്രസരണം ഒഴിവാക്കാനാണ് ഈ തീരുമാനമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
മൃതദേഹം കത്തിച്ചുകളയുന്നതിനും ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് അധികൃതരുടെ അനുമതിയുള്ള സ്ഥലങ്ങളിലാവണം. അവരുടെ മേല്‍നോട്ടത്തിന്‍ കീഴിലുമായിരിക്കണം. കത്തിച്ചുകളയുന്ന ആള്‍ക്കല്ലാതെ മറ്റൊരാള്‍ക്ക് മൃതദേഹം കൈമാറാന്‍ പാടില്ല. രോഗിയോ രോഗിയെ കൈകാര്യം ചെയ്തിരുന്നവരോ ഉപയോഗിക്കുന്ന സംരക്ഷണ കവചങ്ങള്‍ മൃതദേഹത്തോടൊപ്പം ശരിയായ രീതിയില്‍ സംസ്‌കരിക്കണം. പുനഃരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ ശരിയായ രീതിയില്‍ വൈറസ് വിമുക്തമാക്കണം. ചാരം ഏറ്റവും അടുത്ത ആള്‍ ആവശ്യപ്പെടുകയാണെങ്കില്‍ കൈമാറാമെന്നും ഉത്തരവില്‍ പറയുന്നു. 
ശ്രീലങ്കയില്‍ ഇതുവരെ കൊവിഡ് വന്ന് മരിച്ചവരില്‍ 3 പേര്‍ മുസ്‌ലീങ്ങളായിരുന്നു. മരിച്ചവരുടെ ബന്ധുക്കളുടെ എതിര്‍പ്പിനെ വകവെക്കാതെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു ചെയ്തത്. ഇതുവരെ ശ്രീലങ്കയില്‍ 200ഓളം പേര്‍ കൊവിഡ് ബാധിതരാണ്.
 കൊറോണ വൈറസ് ബാധിച്ച്  മരിക്കുന്നവരുടെ  മൃതദേഹം കത്തിച്ചുകളയാനുള്ള ഉത്തരവിനെതിരേ മതസൗഹാര്‍ദ്ദത്തിനുവേണ്ടിയുള്ള  യു എസ്  സ്‌റ്റേറ്റ് കമ്മീഷനും എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, ലോകാരോഗ്യ സംഘടനയുടെ ഉത്തരവിലും കുഴിച്ചുമൂടലും കത്തിച്ചുകളയലും സുരക്ഷിതമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Latest News