ഫാറൂഖാബാദ്- ഗൊരഖ്പൂര്‍ ആശുപത്രി ദുരന്തത്തിനു സമാനമായി ഉത്തര പ്രദേശിലെ ഫാറൂഖാബാദിലും സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ ഒരു മാസത്തിനിടെ 49 കുട്ടികള്‍ മരിച്ചു. ഫാറൂഖാബാദ് ജില്ലാ ആശുപത്രിയിലാണ് സംഭവം. ചീഫ് മെഡിക്കല്‍ ഓഫീസര്‍, ചീഫ് മെഡിക്കല്‍ സുപ്രണ്ട് എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചതായി പോലീസ് അറിയിച്ചു. ജില്ലാ മജിസ്ട്രേറ്റാണ് കഴിഞ്ഞ ദിവസം രാത്രി കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു പ്രാദേശിക ചാനലാണ് ഈ കുട്ട മരണ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യേഗി ആദിത്യനാഥിന്റെ ഓഫീസ് ഇടപെടുകയും ജില്ലാ മജിസ്ട്രേറ്റിനോട് അന്വേഷിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
കുട്ടികളുടെ മരണം ഓക്സിജന്‍ ലഭിക്കാതെയായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാര്‍ തന്നെയാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ പലദിവസങ്ങളിലായുണ്ടായ നൂറോളം കുട്ടികളുടെ കൂട്ടമരണത്തിനിടെയാണ് ഫാറൂഖാബാദ് ആശുപത്രിയിലും ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചതെന്നാണ് ഇപ്പോല്‍ പുറത്തു വന്നിരിക്കുന്ന വിവരം.