ഹൈദരാബാദ്- രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് ആന്ധ്രപ്രദേശിലെ നെല്ലൂരിൽ കുടുങ്ങിയ മകനെ വീട്ടില്‍ തിരിച്ചെത്തിക്കാന്‍ തെലങ്കാനയിലെ ഒരു ഉമ്മ സ്കൂട്ടറില്‍ സഞ്ചരിച്ചത് മൂന്ന് ദിവസം. നിസാമാബാദിലെ സർക്കാർ സ്കൂളിലെ പ്രധാന അധ്യാപികയും 48 കാരിയുമായ റസിയബീഗമാണ് 1400 കി.മീ സഞ്ചരിച്ച് മകനേയും കൂട്ടി വീട്ടിലെത്തിയത്.
പോലീസിൽ നിന്ന് അനുമതി വാങ്ങിയായിരുന്നു യാത്ര. നെല്ലൂരിലെ സോളയിൽ നിന്നാണ് അവർ മകനേയും കൊണ്ടു മടങ്ങിയത്. മകനെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയം യാത്രയിലുള്ള എല്ലാ ഭയങ്ങളെയും മറികടന്നുവെന്ന് അവർ പറഞ്ഞു. ഭക്ഷണത്തിനായി റൊട്ടി കരുതിയിരുന്നു. റോഡുകളിൽ ആളുകളില്ലാത്തത് രാത്രിയാത്ര ഭീതിപ്പെടുത്തിയിരുന്നുവെന്നും റസിയ ബീഗം പറഞ്ഞു.
15 വർഷം മുമ്പെ ഭർത്താവിനെ നഷ്ടപ്പെട്ടിരുന്നു. രണ്ട് ആൺ മക്കളുണ്ട്. ഒരാൾ എഞ്ചിനീയറിങ് ബിരുദധാരിയാണ്. 19 വയസുള്ള രണ്ടാമത്തെ മകന്‍ നിസാമുദ്ദീന്‍ എം.ബി.ബി.എസ് പ്രവേശനത്തിനുള്ള പരിശീലനത്തിലാണ്.
സുഹൃത്തിനെ യാത്ര അയക്കാനായിട്ടാണ് മാർച്ച് 12ന് നിസാമുദ്ദീൻ നെല്ലൂരിലേക്ക് പോയത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങി. മൂത്തമകനെ പോലീസ് തടയാന്‍ സാധ്യതയുള്ളതിനാലാണ് താന്‍ തന്നെ പോയതെന്ന് റസിയാ ബീഗം പറഞ്ഞു.