കൊറോണ വൈറസ് ഭീതി കാരണം
ജപ്പാനിലെ സർവകലാശാലകളിൽ ബിരുദദാനച്ചടങ്ങുകൾ റദ്ദാക്കപ്പെട്ടുവെങ്കിലും എന്നാൽ ഒരു സ്‌കൂളിലെ വിദ്യാർത്ഥികൾ വീട്ടിൽ ഇരുന്നുകൊണ്ടു തന്നെ അവതാർ റോബോട്ടുകൾ വഴി ചടങ്ങിൽ പങ്കെടുത്തു. വീടുകളിലിരുന്ന ലോഗ് ഇൻ ചെയ്ത് വിദ്യാർഥികൾ റോബോട്ടുകളെ നിയന്ത്രിക്കുകയായിരുന്നു.
ടോക്കിയോയിലെ ബിസിനസ് ബ്രേക്ക്ത്രൂ സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിനായി എ.എൻ.എ ഹോൾഡിംഗ്‌സ് എന്ന ഡെവലപ്പറാണ് ന്യൂമെ എന്ന് പേരുള്ള റോബോട്ടുകളെ ഗ്രാജുവേഷൻ തൊപ്പികളും ഗൗണുകളും അണിയിച്ച് വേദിയിലെത്തിച്ചത്. ബിരുദധാരികളുടെ മുഖം പ്രദർശിപ്പിച്ച ടാബുകളായിരുന്നു റോബോട്ടുകളുടെ മുഖം.
വീട്ടിലിരുന്ന് വിദ്യാർഥികൾ ലാപ്‌ടോപ് വഴി റോബോട്ടുകളെ നിയന്ത്രിച്ചപ്പോൾ അവ ഓരോന്നായി ഡിപ്ലോമകൾ സ്വീകരിക്കുന്നതിനായി വേദിയിലേക്ക് നീങ്ങി. യൂനിവേഴ്‌സിറ്റി പ്രസിഡന്റ് കെനിചി ഒഹ്മേ ഡിപ്ലോമകൾ റോബോട്ടിന്റെ മധ്യഭാഗത്ത് സ്ഥാപിച്ച റാക്കുകളിൽ വെച്ചു കൊടുത്തു. സ്‌കൂൾ ജീവനക്കാർ കൈയടിച്ചുകൊണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു.
സ്വകാര്യ സ്ഥലത്ത് ഇരുന്നുകൊണ്ട് പൊതുസ്ഥലത്ത് വെച്ച് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാൻ കഴിഞ്ഞത് തീർച്ചയായും ഒരു പുതിയ അനുഭവമാണെന്ന് ബിരുദാനന്തര ഡിപ്ലോമ ലഭിച്ച കസുകി തമുര കംപ്യൂട്ടർ അവതാർ വഴി പറഞ്ഞു.
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ മറ്റു വിദ്യാലയങ്ങൾക്കും ഈ രീതി സ്വീകരിക്കാമെന്ന് സർവകലാശാല അധികൃതർ പറഞ്ഞു.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മനുഷ്യർ തമ്മിൽ അകലം പാലിക്കുന്നത് കണക്കിലെടുത്ത് നാല് റോബോട്ടുകളെ മാത്രമാണ് ചടങ്ങിൽ പങ്കെടുപ്പിച്ചത്. റോബോട്ടുകൾക്കും സാമൂഹിക അകലം പാലിക്കാൻ പരിശീലിക്കേണ്ടതുണ്ടല്ലോ എന്നാണ് ഇതേക്കുറിച്ച് യൂനിവേഴ്‌സിറ്റി അധികൃതരുടെ തമാശ പ്രതികരണം.