എല്ലാ മേഖലകളിലും നേരത്തേ തന്നെ സ്വാധീനം നേടിയ ആളില്ലാ വിമാനങ്ങൾക്ക് അഥവാ ഡ്രോണുകൾക്ക് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ ദൗത്യങ്ങൾ. ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളും കോവിഡ് തടയുന്നതിന്റെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കേ, ജനങ്ങളെ നിരീക്ഷിക്കാനും ജനങ്ങളെ ബോധവൽക്കരിക്കാനും ഡ്രോണുകളെയാണ് ആശ്രയിക്കുന്നത്.
മധ്യപൗരസ്ത്യ ദേശത്ത് ഓരോ രാജ്യവും ഒന്നിനു പിന്നാലെ ഒന്നായി കോവിഡ് ദൗത്യങ്ങൾക്കായി ഡ്രോണുകൾ വിന്യസിച്ചു തുടങ്ങി. കർഫ്യൂ നടപ്പാക്കാനും പൊതുജനാരോഗ്യ പ്രഖ്യാപനങ്ങൾ നടത്താനും ആളുകളുടെ താപനില നിരീക്ഷിക്കാനുമൊക്കെ പുതിയ സാങ്കേതിക വിദ്യകളും ഡ്രോണുകളുമാണ് ഉപയോഗിക്കുന്നത്. ഏറ്റവും ഒടുവിൽ ജോർദാനിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയാണ് നൂറുകണക്കിനു കർഫ്യൂ ലംഘകരെ പിടികൂടിയത്.
ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഡ്രോണുകളും നിരീക്ഷണ ക്യാമറകൾ പോലുള്ള ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഉറപ്പു വരുത്തുന്നു. ജോർദാനിൽ സായുധ സേനയാണ് ഡ്രോണുകൾ വഴി ജനങ്ങളെ നിരീക്ഷിക്കുന്നത്. അയൽരാജ്യമായ ഇസ്രായിലിലും പകർച്ചവ്യാധി സംബന്ധിച്ച അറിയിപ്പുകൾ സംപ്രേഷണം ചെയ്യുന്നത് ആളില്ലാ വിമാനങ്ങളാണ്. വടക്കൻ തീരദേശ നഗരമായ നഹാരിയയിൽ പട്രോളിംഗ് നടത്താനും ആളുകളുടെ നീക്കങ്ങൾ തടയാനും ഡ്രോൺ ഉപയോഗിക്കുന്നതായി ഇസ്രായിൽ പോലീസ് പറയുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കോവിഡ് പ്രതിരോധ നടപടികൾക്ക് ഡ്രോണുകൾ തന്നെയാണ് ഉപയോഗിക്കുന്നത്.
ഗൾഫിലെ മിക്ക രാജ്യങ്ങളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഡ്രോണുകൾ പ്രധാന പങ്കുവഹിക്കുന്നു.
കുവൈത്തിൽ മാർച്ച് പകുതിയോടെ തന്നെ ഡ്രോണുകൾ അയച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പ് സ്വീകരിച്ച വിവിധ നടപടികളും മാർഗനിർദേശങ്ങളും അനൗൺസ് ചെയ്തതിനു പുറമെ, ജനങ്ങളെ വീടുകളിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്തു. വിദേശ തൊഴിലാളികളെ കൂടി കണക്കിലെടുത്ത് വിവിധ ഭാഷകളിലാണ് സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്തത്.
യു.എ.ഇയിൽ സ്വദേശികളോടും വിദേശികളോടും വീടുകളിൽ തന്നെ തങ്ങാൻ ആഹ്വാനം ചെയ്യുന്നതിന് പോലീസ് ഉപയോഗിക്കുന്നത് ഡ്രോണുകളാണ്. ആളില്ലാ വിമാനങ്ങളിൽ ഘടിപ്പിച്ച ഉച്ചഭാഷിണികളിലൂടെയാണ് ജനങ്ങൾക്ക് അറിയിപ്പുകൾ നൽകുന്നത്. ഷാർജയിലും ദുബായിലുമൊക്കെ അധികൃതർ ഉപയോഗിച്ചത് ആളില്ലാ വിമാനങ്ങളായിരുന്നു.
അറബി, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, ബംഗാളി തുടങ്ങി നിരവധി ഭാഷകളിലാണ് ഡ്രോണുകൾ വഴി നിർദേശങ്ങൾ നൽകിയത്.
യു.എ.ഇ ജനസംഖ്യയുടെ 80 ശതമാനത്തിലധികവും പ്രവാസികളാണെന്ന കാര്യം കണക്കിലെടുത്താണിത്.
സൗദി അറേബ്യയിൽ അൽ ഖസീമിൽ ഉൾപ്പെടുന്ന ബുറൈദയിൽ ഷോപ്പിംഗിനെത്തുന്നവരുടെ ശരീര താപനില അളക്കാൻ മുനിസിപ്പൽ അധികൃതർ ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള തെർമൽ ക്യാമറകളാണ് ഡ്രോണുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. ഒമാനിൽ തലസ്ഥാനമായ മസ്‌കത്തിൽ പൊതുസ്ഥലങ്ങളിൽ ഒത്തുചേരലുകൾ കുറക്കുന്നതിന് അധികൃതർ ആളില്ലാ വിമാനം ഉപയോഗിച്ചു. ഖത്തറിലും വിദേശ തൊഴിലാളികളെ ബോധവൽക്കരിക്കാനും നിരീക്ഷിക്കാനും ഡ്രോണുകൾ ഉപയോഗിക്കുകയാണ്. ദോഹ നഗരപ്രാന്തത്തിലെ അപ്പാർട്ട്‌മെന്റുകളുടെ ടെറസിൽ നമസ്‌കാരം നിർവഹിക്കുന്ന വിദേശികളുടെ ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടി. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഇക്കാര്യത്തിൽ വിദേശികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖത്തറിലെ 2.75 ദശലക്ഷം ജനങ്ങളിൽ തൊണ്ണൂറു ശതമാനവും പ്രവാസികളാണ്.
സാമൂഹിക ഒത്തുചേരലുകളിൽനിന്ന് വിട്ടുനിൽക്കാനും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടുകളിൽനിന്ന് പുറത്തു പോകരുതെന്ന സന്ദേശങ്ങളുമാണ് വിവിധ ഭാഷകളിലായി വിദേശികൾക്കിടയിൽ പ്രചരിപ്പിക്കുന്നത്.