വിവാഹിതയാകാൻ പോകുന്നുവെന്ന ഗോസിപ്പുകൾ തള്ളി കീർത്തി സുരേഷ്. താൻ അത്തരമൊരു കാര്യം ഇപ്പോൾ ചിന്തിച്ചിട്ടേയില്ലെന്നും എങ്ങനെയാണ് ഇത്തരം അഭ്യൂഹങ്ങൾ പരന്നതെന്നറിയില്ലെന്നും താരം ഒരു മാധ്യമത്തോട് പറഞ്ഞു. മാത്രമല്ല, ഇപ്പോൾ താൻ കരിയറിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മഹാനടിയിലൂടെ ദേശീയ അംഗീകാരം നേടിയ കീർത്തി വ്യക്തമാക്കി.
പ്രശസ്ത നടി മേനകയുടെയും നിർമാതാവ് സുരേഷ് കുമാറിന്റെയും മകളായ കീർത്തി ചുരുങ്ങിയ കാലം കൊണ്ടു തന്നെ അഭിനയ മികവ് തെളിയിച്ച നടിയാണ്. തെന്നിന്ത്യയിലെ തന്നെ ഒന്നാം നമ്പർ നായികയാവുമെന്ന് കരുതപ്പെടുന്ന കീർത്തിയുടെ അടുത്ത ചിത്രം രജനീകാന്ത് നായകനാവുന്ന അണ്ണാത്തയാണ്. ഇതിനിടെയാണ് കീർത്തി വിവാഹം കഴിക്കാൻ പോകുന്നുവെന്നും വരൻ ശക്തമായ രാഷ്ട്രീയ ബന്ധങ്ങളുള്ള ബിസിനസുകാരനാണെന്നും വാർത്ത വരുന്നത്. മാത്രമല്ല, അച്ഛൻ സുരേഷ് കുമാർ മുൻകൈയെടുത്താണ് വിവാഹം ഉറപ്പിച്ചതെന്നും വാർത്ത വന്നു. ഇതിനെയാണ് കീർത്തി ഇപ്പോൾ നിഷേധിച്ചിരിക്കുന്നത്.