അഭിനയ മികവു കൊണ്ട് ദേശീയ ശ്രദ്ധ നേടിയ മലയാളത്തിലെ യുവ നടനാണ് ഫഹദ് ഫാസിൽ. ഏറ്റവും പുതിയ ചിത്രം ട്രാൻസിലെ ഫഹദിന്റെ അഭിനയത്തെ നിരൂപകരും പ്രേക്ഷകരും ഒരുപോലെ പ്രശംസിക്കുന്നുണ്ട്. വിവാഹത്തിന് ശേഷം നസ്രിയയും ഫഹദും ഒന്നിച്ചഭിനയിച്ച ചിത്രം കൂടിയായ ട്രാൻസിന് മികച്ച സ്വീകാര്യതയും ലഭിച്ചു.
എങ്കിലും താൻ അഭിനയിക്കാൻ കൊതിച്ചിരുന്ന വേഷം വർഷങ്ങൾക്കു മുമ്പ് മോഹൻലാൽ ചെയ്തതാണെന്ന് ഫഹദ് പറയുന്നു.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ മനസ്സ് തുറന്നത്. ഭാവിയിൽ ചെയ്യാനാഗ്രഹിക്കുന്ന കഥാപാത്ര മാതൃകകളെക്കുറിച്ച് ചോദിച്ചപ്പോൾ 1992 ലെ എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത സദയം എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച നായക കഥാപാത്രം സത്യനാഥൻ എന്നായിരുന്നു ഫഹദിന്റെ മറുപടി. താൻ പറഞ്ഞത് അഹങ്കാരമായി കാണരുതെന്നും താരം കൂട്ടിച്ചേർത്തു.