Sorry, you need to enable JavaScript to visit this website.

 ലോക്ക് ഡൗണില്‍ ജിഡിപി 70% തകര്‍ന്നു,തൊഴില്‍നഷ്ടം 10 കോടി; കേന്ദ്രം ആര്‍ബിഐയോട് കടം വാങ്ങണമെന്ന് സുഭാഷ്ചന്ദ്ര ഗാര്‍ഗെ

ന്യൂദല്‍ഹി-കൊറോണ ലോക്ക്ഡൗണില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ന്നുവെന്ന് മുന്‍ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗെ. സമ്പദ് വ്യവസ്ഥയുടെ എഴുപത് ശതമാനമാണ് ലോക്ക്ഡൗണ്‍ തകര്‍ത്തിരിക്കുന്നത്. നിര്‍മാണ,ഖനന,ഉല്‍പ്പാദന,സേവന മേഖലകളിലെ പത്ത് കോടിയോളം ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നും മൂന്ന് മാസത്തേക്ക് മിനിമം രണ്ടായിരം രൂപയുടെ ധനസഹായമെങ്കിലും നല്കിയില്ലെങ്കില്‍ ഈ വിഭാഗത്തിലുള്ളവരുടെ ജീവിതാവസ്ഥ വളരെ മോശമാകുമെന്നും അദ്ദേഹം പറഞ്ഞു.സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ നാലു മുതല്‍ അഞ്ച് ലക്ഷം കോടിരൂപയാണ് ആവശ്യമായി വരിക.ഇത് കടമായി സ്വീകരിക്കണം.

എന്നാല്‍ വിപണിയില്‍ നിന്ന് കടം വാങ്ങുന്നതിന് പകരം കേന്ദ്രസര്‍ക്കാര്‍ ഈ സമയത്ത് ആര്‍ബിഐയില്‍ നിന്ന് കടം വാങ്ങുന്നതാണ് ഉചിതം. ഇതിനായി എഫ്ആര്‍ബിഎം നിയമം ഭേദഗതി ചെയ്യണമെന്നും ഗാര്‍ഗെ പറഞ്ഞു.പ്രതിസന്ധിയില്‍ സംസ്ഥാനങ്ങളുടെ വരുമാനം നിലച്ചത് കൂടുതല്‍ കാര്യങ്ങള്‍ വഷളാക്കി.ഒരു വര്‍ഷത്തിനകം വരുമാനക്കുറവിന്റെ തോത് രണ്ട് ലക്ഷം കോടിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കേന്ദ്രനികുതിയുടെ വിഹിതം ഗഡുക്കളായി സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ അനുവദിക്കണം.വരുമാനമില്ലാതെ സംസ്ഥാനങ്ങള്‍ ദുരിതത്തിലാകുമെന്നും ഗാര്‍ഗ് പറഞ്ഞു.നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 7.8 ലക്ഷം കോടിരൂപ വിപണിയില്‍ നിന്ന് വായ്പയെടുക്കാനും ജിഡിപിയുടെ 3.5% ധനക്കമ്മി ഉള്‍ക്കൊള്ളാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ആദ്യ പകുതിയില്‍ 4.88 കോടിരൂപ വായ്പയെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
 

Latest News