പുതിയ ചട്ടവുമായി കേന്ദ്ര ടെലികോം മന്ത്രാലയം
ന്യൂദൽഹി- രാജ്യത്ത് അടിയന്തര ഘട്ടങ്ങളിൽ പൊതുസുരക്ഷയെ മുൻനിർത്തി ടെലിഫോൺ, ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ഛേദിക്കാൻ കേന്ദ്ര സർക്കാർ പുതിയ ചട്ടം പുറത്തിറക്കി. അടിയന്തര ഘട്ടങ്ങളിൽ താൽക്കാലികമായി ടെലഫോൺ, ഇന്റർനെറ്റ് സർവീസുകൾ വിച്ഛേദിക്കുന്നതിനുള്ള വിജ്ഞാപനമാണ് കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തിറക്കിയത്. നിലവിൽ ജമ്മു കശ്മീരിൽ നടപ്പിലാക്കുന്നതു പോലെ ഇന്റർനെറ്റ്, ടെലിഫോൺ ബന്ധങ്ങൾ താൽക്കാലികമായി വിച്ഛേദിക്കുന്നത് രാജ്യവ്യാപകമായി ആസൂത്രിതമായി നടപ്പാക്കുമെന്നാണ് പുതിയ തീരുമാനത്തെ വിലയിരുത്തുന്നത്. അപ്രഖ്യാപിത അടിയന്തരാവസ്ഥക്കുവരെ ഇടയാക്കുന്ന ഇത്തരം നിയമങ്ങളും ചട്ടങ്ങളും പൗരന്റെ മൗലികാവകാശത്തെ ഹനിക്കുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര ആഭ്യന്തര വകുപ്പു സെക്രട്ടറിയുടെയോ സംസ്ഥാനങ്ങളിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറിയുടെയോ അനുമതിയില്ലാതെ ഇന്റർനെറ്റ്, ടെലിഫോൺ ബന്ധങ്ങൾ അടിയന്തര സാഹചര്യങ്ങളിൽ വിച്ഛേദിക്കരുതെന്നാണ് പുതിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്. എന്നാൽ, ജില്ലാ മജിസ്ട്രേറ്റിന് ഇതു സംബന്ധിച്ച ഉത്തരവ് നൽകാമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ ടെലിഫോൺ, ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കാൻ ജോയിന്റ് സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് ഉത്തരവിടാമെന്നാണ് പറയുന്നത്. ഇതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെയും സംസ്ഥാനങ്ങളിൽ ആഭ്യന്തരത്തിന്റെ ചുമതലയുള്ള സെക്രട്ടറിയുടെയും അനുമതി ആവശ്യമാണ്.
1885ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമത്തിന്റെ ഏഴാം വകുപ്പ് അടിസ്ഥാനപ്പെടുത്തിയാണ് ടെംപററി സസ്പെൻഷൻ ഓഫ് ടെലികോം സർവീസസ് (പബ്ലിക് എമർജൻസി ഓർ പബ്ലിക് സേഫ്റ്റി) റൂൾസ്, 2017 എന്ന പേരിൽ കേന്ദ്ര സർക്കാർ ചട്ടം ഇറക്കിയത്. വിജ്ഞാപനം ഇറങ്ങിയ ഓഗസ്റ്റ് ഏഴ് മുതൽ നിയമം പ്രാബല്യത്തിൽ വന്നതായാണു വ്യക്തമാക്കുന്നത്.
അതേസമയം, വിജ്ഞാപനത്തിൽ അടിയന്തര സാഹചര്യം, പൊതു സുരക്ഷ എന്നിവയ്ക്കു കൃത്യമായ നിർവചനമില്ലാത്തത് വ്യാപകമായ ദുരുപയോഗത്തിനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു. മുമ്പ് സ്വന്തം ഇഷ്ടപ്രകാരം ചില സംസ്ഥാനങ്ങളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഗുജറാത്തിൽ ഒരിക്കൽ ഒരു പരീക്ഷയുമായി ബന്ധപ്പെട്ട് പോലും ഇന്റർനെറ്റ് സേവനം തടസപ്പെടുത്തിയിരുന്നതായി ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ സ്ഥാപകൻ നിഖിൽ പഹ്വ പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങളുടെ ഹനിക്കുന്ന തരത്തിൽ പൊതുതാൽപര്യം മുൻനിർത്താതെയും ഒരു സ്വതന്ത്ര സമിതിയുടെയും ഇടപെടൽ ഇല്ലാതെയും ഇത്തരം തീരുമാനങ്ങൾ നടപ്പാക്കാമെന്നതാണ് പുതിയ ചട്ടത്തിന്റെ ഏറ്റവും പ്രധാന ന്യൂനത.
ടെലിഫോൺ, ഇന്റർനെറ്റ് സംവിധാനങ്ങൾ താൽകാലികമായി വിച്ഛേദിക്കുന്നത് സംബന്ധിച്ചു പരിശോധനക്കായി കേന്ദ്ര, സംസ്ഥാന തലങ്ങളിൽ പരിശോധനാ സമിതിയെ നിയോഗിക്കണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. കേന്ദ്ര തലത്തിൽ കാബിനറ്റ് സെക്രട്ടറി ചെയർമാനായും നിയമ വകുപ്പ് സെക്രട്ടറിയും ടെലി കമ്യൂണിക്കേഷൻ സെക്രട്ടറിയും അംഗങ്ങളായി വേണം സമിതി രൂപീകരിക്കാൻ. സംസ്ഥാന തലത്തിൽ ചീഫ് സെക്രട്ടറി ചെയർമാനായും നിയമ സെക്രട്ടറിയും ആഭ്യന്തര ചുമതലയുള്ള സെക്രട്ടറിയും അംഗങ്ങളായി വേണം സമിതി രൂപീകരിക്കാൻ. ടെലിഫോൺ, ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കാനുള്ള ഉത്തരവിറങ്ങി അഞ്ചു പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഈ സമിതികൾ യോഗം ചേർന്നു സ്ഥതിഗതികൾ വിലയിരുത്തണമെന്നും വിജ്ഞാപനത്തിൽ നിർദേശിക്കുന്നു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പൊതുസുരക്ഷയ്ക്കെന്ന പേരിൽ കശ്മീരിൽ മാത്രം 30 തവണയാണ് ഇന്റർനെറ്റ് സേവനം സർക്കാർ തടസ്സപ്പെടുത്തിയത്. മാനഭംഗക്കേസിൽ ജയിലിൽ കഴിയുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം കുറ്റക്കാരനെന്ന വിധി വന്ന ദിവസങ്ങളിലും തുടർന്നും ഹരിയാനയിലും പഞ്ചാബിലും ടെലിഫോൺ, ഇന്റർനെറ്റ് സർവീസുകൾ റദ്ദാക്കിയിരുന്നു. സോഫ്റ്റ്വെയർ ഫ്രീഡം ലോ സെന്ററിന്റെ കണക്കുകൾ അനുസരിച്ച് ഈ വർഷം മാത്രം വിവിധ സംസ്ഥാനങ്ങളിലായി 40 തവണ ഇന്ത്യയിൽ ഇന്റർനെറ്റ് സേവനം അടിയന്തര സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി വിച്ഛേദിച്ചിട്ടുണ്ട്.
നിയമത്തിന്റെ പ്രസക്ത ഭാഗങ്ങൾ
- ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിച്ഛേദിക്കാൻ അധികാരം കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാനങ്ങളിൽ ആഭ്യന്തര ചുമതലയുള്ള സെക്രട്ടറിക്കും മാത്രം.
- അടിയന്തര സാഹചര്യങ്ങളിൽ ജോയിന്റ് സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് അധികാരമുണ്ടായിരിക്കും. ഉത്തരവിറക്കി ബന്ധപ്പെട്ട അധികാരികളെ 24 മണിക്കൂറിനുള്ളിൽ വിവരം ധരിപ്പിച്ചിരിക്കണം.
- ഉത്തരവിറക്കി അടുത്ത പ്രവൃത്തി ദിവസം തന്നെ ഇതിന്റെ പകർപ്പ് ബന്ധപ്പെട്ട പരിശോധന സമിതിക്ക് അയച്ചു കൊടുക്കണം.
- സേവനങ്ങൾ താത്കാലികമായി നിർത്തുമ്പോൾ ടെലിഗ്രാഫ് അതോറിറ്റിക്കോ ബന്ധപ്പെട്ട സേവന ദാതാക്കൾക്കോ ഇതിന്റെ ഉത്തരവ് രേഖയായോ ഇലക്ട്രോണിക് സങ്കേതം വഴിയോ പോലീസ് സൂപ്രണ്ടിന്റെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കൈമാറണം.