കാനറാ ബാങ്ക്-സിൻഡിക്കേറ്റ് ബാങ്ക് ലയനത്തോടെ ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കായി കാനറാ ബാങ്ക് മാറി. ഇനി മുതൽ സിൻഡിക്കേറ്റ് ബാങ്കിന്റെ എല്ലാ ശാഖകളും കാനറാ ബാങ്ക് ശാഖകളായി പ്രവർത്തിക്കും. ഇതോടെ കാനറാ ബാങ്ക് ശാഖകൾ 10,391 ആയും എ.ടി.എമ്മുകൾ 12,829 ആയും വർധിക്കും. ലയനത്തോടെ ബാങ്ക് ജീവനക്കാരുടെ എണ്ണം 91,685 ആകും. ഇരു ബാങ്കുകളുടെയും ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും ലഭിക്കുന്ന സേവനങ്ങൾക്കു തടസ്സമുണ്ടാകില്ലെന്ന് കാനറാ ബാങ്ക് അറിയിച്ചു. ഈ ലയനത്തോടെ കരുത്തുറ്റ ബാങ്കിങ് സ്ഥാപനമായി കാനറാ ബാങ്ക് മാറുമെന്നും ഇരു ബാങ്കുകളുടെയും സമ്പന്ന സേവന പൈതൃകം വലിയ മുതൽക്കൂട്ടാകുമെന്നും കാനറാ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ എൽ.വി. പ്രഭാകർ പറഞ്ഞു. വലിയ ബാങ്കായി മാറുമെങ്കിലും താഴേത്തട്ടിലുള്ള ബാങ്കിങ് സേവനങ്ങളിലും ഉപഭോക്തൃ സംതൃപ്തിയിലും തടസ്സങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരു ബാങ്കുകളും നൽകി വരുന്ന സേവനങ്ങൾ അതുപോലെ തന്നെ തുടരും. കോർ ബാങ്കിങ് സംവിധാനത്തിന്റെ ഏകീകരണവും ഏറെ വൈകാതെ ഉണ്ടാകും. കൂടാതെ ഇരു ബാങ്കുകളിലും ലഭ്യമാകുന്ന 12 സേവനങ്ങളും കാനറാ ബാങ്ക് എപ്രിൽ ഒന്നു മുതൽ നൽകിത്തുടങ്ങും. നിലവിലെ ബാങ്കിങ് സേവനങ്ങൾക്കു പുറമെ, ചെറുകിട ഇടത്തരം സംരംഭകർ, വ്യാപാരികൾ, പ്രൊഫഷണലുകൾ എന്നിവർക്കായി പുതിയ പദ്ധതികളും കാനറാ ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. റീട്ടെയിൽ വായ്പാ ഇനങ്ങളിൽ പുതിയ ഭവന വായ്പാ പദ്ധതിയും മഴവെള്ള സംഭരണി നിർമാണ വായ്പയും അവതരിപ്പിച്ചു. കോവിഡ്19 മൂലം പ്രതിസന്ധിയിലായ സംരംഭങ്ങൾക്ക് അവരുടെ പ്രവർത്തന മൂലധനത്തിന്റെ 10 മുതൽ 35 ശതമാനം വരെ വായ്പ നൽകുന്ന പദ്ധതിയും കാനറാ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.