Sorry, you need to enable JavaScript to visit this website.

റബർ ഡിമാന്റ് മങ്ങും; കുരുമുളക് ഉൽപാദക രാജ്യങ്ങൾ പ്രതിസന്ധിയിലേക്ക് 

കോവിഡ് ഭീതിക്ക് ഒപ്പം ആഗോള വിപണിയിൽ റബറിന് ഡിമാന്റ് മങ്ങും. ടോകോമിൽ കരടികൾ റബറിൽ പിടിമുറുക്കി. കോവിഡ് ഭീതിയിൽ ഉൽപാദക രാജ്യങ്ങൾ സ്തംഭിച്ചത് ഷീറ്റ് ലഭ്യത കുറക്കും. തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ റബർ വെട്ട് ഏതാണ്ട് പൂർണമായി നിലച്ചു. സംസ്ഥാനത്ത്  പകൽ കനത്ത ചൂട് മൂലം ടാപ്പിംഗ് നിർത്തിവെച്ചിരിക്കുകയാണ്. ഇതിനിടയിൽ ഈ മാസം റബറിന് അന്താരാഷ്ട്ര തലത്തിൽ വ്യവസായിക ഡിമാന്റും കുറയുമെന്നാണ് വിലയിരുത്തൽ. ലോക്ഡൗൺ ടയർ വിൽപനയെ മാത്രമല്ല, വാഹന ഉപയോഗവും കുറച്ചതിനാൽ ടയർ വിൽപന വരുംമാസങ്ങളിൽ കുറയും. സാമ്പത്തിക രംഗത്തെ ചലനങ്ങൾ കൂടി കണക്കിലെടുത്താൽ മുന്നിലുള്ള മാസങ്ങളിൽ വിൽപന തോതിലും കാര്യമായ കുറവുണ്ടാവും. ടോകോം എക്‌സ്‌ചേഞ്ചിൽ റബർ മെയ്  അവധി വില കിലോ 130 യെന്നിലേക്ക് ഇടിഞ്ഞു. വിപണിയുടെ സാങ്കേതിക വശങ്ങൾ ജനുവരി മുതൽ സെല്ലർമാരുടെ പിടിയിൽ അകപ്പെട്ടതിനാൽ തിരക്കിട്ടുള്ള ചരക്ക് സംഭരണത്തിൽ നിന്നും ടയർ വ്യവസായികളും വിട്ടു നിന്നു. വിൽപന സമ്മർദം മൂലം വില ജനുവരിയിലെ 204 യെന്നിൽ നിന്ന് ഇതിനകം കിലോ 74 യെൻ ഇടിഞ്ഞു.

 

മെയ് അവധിയുടെ സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ ദുർബലാവസ്ഥ തുടരാം, അതേ സമയം ഉൽപന്നം സാങ്കേതികമായി ഓവർ സോൾഡായതിൽ ഊഹക്കച്ചവടക്കാർ ലാഭമെടുപ്പിന് ഇറങ്ങാം. ആഗോള കുരുമുളക് ഉൽപാദക രാജ്യങ്ങൾ വൻ പ്രതിസന്ധിലേക്ക്. വിയറ്റ്‌നാമിൽ ഇത് കുരുമുളക് വിളവെടുപ്പ് വേളയാണ്. റെക്കോർഡ് ഉൽപാദനമായതിനാൽ തിരക്കിട്ടുള്ള വിളവെടുപ്പിനു കർഷകർ മത്സരിക്കുകയാണ്. ഇതിനിടയിൽ ഉൽപന്ന വില താഴുന്നതിനാൽ കാർഷിക ചെലവുകൾ താങ്ങാനാവാതെ മുളക് സംസ്‌കരിച്ച് എത്രയും വേഗത്തിൽ വിറ്റുമാറാനും നീക്കം നടത്തിയതിനിടയിലാണ് കോവിഡ് പ്രശ്‌നം തല ഉയർത്തിയത്. ക്രിസ്മസ് വരെ അമേരിക്കൻ ഓർഡറുകളുടെ പിൻബലത്തിലായിരുന്നു അവർ. എന്നാൽ പുതുവർഷത്തിൽ അവർ രംഗത്തു നിന്ന് അകന്നു. ഇതോടെ കുരുമുളക് വില കിലോ 110 രൂപയായി ഇടിഞ്ഞു. ഇതിനിടയിൽ കോവിഡ് പ്രശ്‌നം മുൻനിർത്തി കയറ്റുമതിക്കാർ രംഗം വിട്ടു, ഇറക്കുമതി രാജ്യങ്ങളും രാജ്യാന്തര മാർക്കറ്റിൽ നിന്ന് അകന്നത് വിയറ്റ്‌നാമിനെ മാത്രമല്ല, ഇന്ത്യ അടക്കമുള്ള കുരുമുളക് ഉൽപാദക രാജ്യങ്ങൾക്കു തിരിച്ചിടയാവും. 


ഇന്ത്യൻ തേയില മേഖല വൻ സാമ്പത്തിക പ്രതിസന്ധിയിൽ. കോവിഡ് പ്രശ്‌നത്തെ തുടർന്ന് കൊളുന്ത് നുള്ള് നിലച്ചതും ചരക്ക് ഗതാഗതത്തിലുണ്ടായ തിരിച്ചടികളും മൂലം യഥാസമയം തുറമുഖത്തേക്ക് തേയില നീക്കാനാവാത്ത അവസ്ഥയാണ്. പ്രതിസന്ധിയിൽ ഏകദേശം 1400 കോടി രൂപയുടെ സ്തംഭനമാണ് ഉണ്ടായത്. കയറ്റുമതി രംഗം പൂർണമായി നിലച്ചതോടെ ഡിമാന്റ് മങ്ങി, ആഭ്യന്തര ആവശ്യക്കാരുമില്ല. കൂന്നുരിൽ നിന്നും കോയമ്പത്തുരിൽ നിന്നുമെല്ലാം വൻതോതിൽ തേയില കൊച്ചി, തൂത്തുക്കുടി തുറമുഖത്തേക്ക് നീക്കാനാവാതെ കെട്ടിക്കിടക്കുകയാണ്. 
ഏലം കർഷകരും സ്റ്റോക്കിസ്റ്റുകളും വിപണിയിലെ സ്തംഭനാവസ്ഥയിൽ തരിച്ചു നിൽക്കുകയാണ്. ഈസ്റ്റർ, വിഷു ഡിമാന്റിൽ പ്രതീക്ഷ മങ്ങിയത് ഏലം സ്റ്റോക്കിസ്റ്റകളുടെ കണക്കൂകൂട്ടൽ തെറ്റിച്ചു. ഓഫ് സീസണായതിനാൽ കാർഷിക മേഖലകളിൽ കാര്യമായ നീക്കിയിരിപ്പില്ല. മധ്യവർത്തികൾക്ക് ഇപ്പോഴത്തെ പ്രതിസന്ധി കനത്ത തിരിച്ചടിയാണ്. ലേലം മുടങ്ങിയതിനാൽ വില ഉയർത്താനും അവർക്കാവുന്നില്ല. കയറ്റുമതികളും സ്തംഭിച്ചു, ആഭ്യന്തര വാങ്ങലുകാരും രംഗം വിട്ടത് പ്രതിസന്ധി രൂക്ഷമാക്കുന്നു. 
സ്വർണ വില വീണ്ടും മുന്നേറി. പവൻ 30,640 രൂപയിൽ നിന്ന് 32,000 വരെ ഉയർന്ന ശേഷം വാരാവസാനം 31,800 രൂപയിലാണ്. ഗ്രാമിന് വില 3975 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1628 ഡോളറിൽ നിന്ന് 1622 ഡോളറായി. 
 

Latest News