ബെംഗളൂരുലോക് ഡൗണ്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ കന്നഡ നടിക്കും സുഹൃത്തിനും വാഹനാപകടത്തില്‍ പരിക്ക്. കന്നഡ സിനിമാ താരം ഷര്‍മിള മാന്ദ്രെയും സുഹൃത്ത് കെ.ലോകേഷ് വസന്തും സഞ്ചരിച്ച വാഹനമാണ് ബെംഗളൂരുവില്‍ അപകടത്തില്‍പെട്ടത്.
വസന്ത് നഗറിനടുത്ത് ഇവര്‍ സഞ്ചരിച്ച കാര്‍ തൂണില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ ഇരുവരേയും സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷര്‍മിള മാന്ദ്രെയുടെ മുഖത്താണ് പരുക്കേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്.അപകടം നടന്നത് ജയനഗറിലാണെന്നാണു ആദ്യം ഇവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വസന്ത് നഗറിലാണ് അപകടമുണ്ടായതെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. തെറ്റായ വിവരം നല്‍കി കാര്‍ കടത്താന്‍ ശ്രമം നടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇവരുടെ ആഡംബര കാര്‍ പൊലീസ് പിടിച്ചെടുത്തിട്ടുമുണ്ട്.അപകടം നടന്ന സ്ഥലത്ത് പൊലീസെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ താനാണ് കാര്‍ ഓടിച്ചതെന്ന് ആദ്യം അവകാശപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് ഇയാളോടു രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതോടെ ഇയാള്‍ മൊഴി മാറ്റുകയായിരുന്നു.അശ്രദ്ധവും അപകടകരവുമായി വാഹനമോടിച്ചതിന് ഐപിസി 279, 337 വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണു വിവരം.