മുംബൈ- ഏപ്രില്‍ 15 മുതല്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയര്‍ ഏഷ്യ ഇന്ത്യ. എന്നാല്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ ഈ വിഷയത്തില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ നല്കിയാല് തീരുമാനത്തില്‍ മാറ്റം വരാനും സാധ്യതയുണ്ടെന്നും ബജറ്റ് കാരിയര്‍ എയര്‍ ഏഷ്യ മുന്നറിയിപ്പ് നല്കി.
ഏപ്രില്‍ 15 മുതല്‍ യാത്രക്കാര്‍ക്ക് ഞങ്ങളുമായി ബുക്കിംഗ് തുടരാനാകുമെന്നാണ് എയര്‍ ഏഷ്യ ഇന്ത്യ വക്താവ് അറിയിച്ചിരിക്കുന്നത്. റെഗുലേറ്റര്‍ നല്കിയ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കി എന്തെങ്കിലും മാറ്റമുണ്ടായാല്‍, ഞങ്ങള്‍ നയങ്ങള്‍ പാലിക്കുകയും അതനുസരിച്ച് യാത്രക്കാരെ വിവരം അറിയിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ആഭ്യന്തര, അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ ഏപ്രില്‍ 14 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ഭൂരിഭാഗം വിമാനക്കമ്പനികളും ഏപ്രില്‍ 15 ന് ശേഷമുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ 30 വരെ സര്‍വീസ് നടത്തില്ലെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.