ന്യൂദൽഹി- നോട്ടു നിരോധം ഏർപ്പെടുത്തിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തോട് മാപ്പു പറയണമെന്ന് പ്രതിപക്ഷം. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ തകിടം മറിച്ച നോട്ടു നിരോധം നിഷ്‌കളങ്കരായ ജനങ്ങളുടെ ജീവൻ ബലി കൊടുക്കുകയും ചെയ്തു. ഇതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി തന്നെ ഏറ്റെടുക്കണമെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ അഴിമതിയാണ് നോട്ടു നിരോധമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. നരേന്ദ്ര മോഡി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തെറ്റായ പ്രസ്താവനകൾ നടത്തി പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ ജനങ്ങളെ പറ്റിച്ചു. സ്വാതന്ത്ര്യദിന സന്ദേശത്തിൽപോലും വ്യാജ സന്ദേശമാണു കള്ളപ്പണത്തെക്കുറിച്ചും നോട്ടുനിരോധത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞതെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു. ജനങ്ങൾ ഇക്കാര്യങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും ആനന്ദ് ശർമ പറഞ്ഞു. റിസർവ് ബാങ്കിന്റെ വിശ്വാസ്യതയിൽ നോട്ട് നിരോധം കളങ്കം വരുത്തിയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. നോട്ടു നിരോധമെന്ന മോഡിയുടെ ദേശീയ വിരുദ്ധ നിലപാടിന് ജനങ്ങൾ മാപ്പു നൽകില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ത്യയുടെ സുരക്ഷിതത്വത്തെ തന്നെ നോട്ടു നിരോധം പ്രതികൂലമായി ബാധിച്ചുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
നോട്ടു നിരോധത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും ഓഫീസിനുമാണെന്ന സംശയം ബലപ്പെടുകയാണ്. ഈ തീരുമാനത്തിന്റെ ഉത്തരവാദികളെ സർക്കാർ കണ്ടെത്തി ശിക്ഷിക്കണം. ജനങ്ങൾക്കു ഹ്രസ്വകാല ബുദ്ധിമുട്ടേ ഉണ്ടാകൂ എന്നാണ് സർക്കർ അവകാശപ്പെട്ടത്. എന്നാൽ, നോട്ടു നിരോധം ദീർഘകാല വേദനയായി മാറി. നടപടി പരാജയമെന്നു തെളിഞ്ഞ സാഹചര്യത്തിൽ ഇതു സംബന്ധിച്ചു ധവള പത്രത്തിനു പകരം കറുത്ത പത്രം പുറത്തിറക്കുകയാണ് വേണ്ടതെന്നും യെച്ചൂരി പറഞ്ഞു.
നോട്ട് നിരോധത്തിന് തീരുമാനം എടുത്തത് ആരാണെന്ന് വ്യക്തമാക്കണം. ആർ.ബി.ഐ ഗവർണർ സ്ഥാനത്തുനിന്നു രഘുറാം രാജൻ പുറത്ത് പോകാൻ കാരണം ഇതാണോ? ക്യൂവിൽനിന്ന് നൂറിലധികം പേർ മരിച്ചിട്ടും ആർക്കും നഷ്ടപരിഹാരം നൽകാത്തത് എന്താണ്? നൂറ് ശതമാനത്തിലധികം നിരോധിച്ച നോട്ടുകൾ തിരിച്ചു വന്നതോടെ അത് കള്ളപണം വിജയകരമായി വെളുപ്പിച്ച പരിപാടിയാണെന്ന് തെളിഞ്ഞു. നോട്ടു നിരോധത്തെക്കുറിച്ച് ആദ്യം അറിയിച്ച നവംബർ എട്ടിനു ഡിജിറ്റൽവത്ക്കരണത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. പക്ഷേ സമ്പദ്‌വ്യവസ്ഥ തകർന്നതോടെ ഡിജിറ്റൽവത്ക്കരണത്തിന്റെ പേരിൽ ചില സ്വകാര്യ കമ്പനികെള സഹായിച്ചു. പേടിഎം പോലുള്ള സ്വകാര്യ കമ്പനിക്ക് വേണ്ടി പ്രധാനമന്ത്രി പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടു.കള്ളനോട്ട് ഇല്ലാതാക്കുമെന്ന പ്രധാനമന്ത്രിയുടെ വാദവും ശരിയല്ല. കള്ളനോട്ടിന് നിയമസാധുത നൽകുകയാണ് ചെയ്തത്. ഭീകരപ്രവർത്തനം അവസാനിപ്പിക്കുമെന്നു പറഞ്ഞുവെങ്കിലും നോട്ടുനിരോധ ശേഷം ഭീകരാക്രമണങ്ങളിൽ കൊല്ലപെട്ട സുരക്ഷാ സൈനികരുടെ എണ്ണം വർധിച്ചു. രാജ്യത്തെ അസംഘടിത മേഖല തകർന്നു. പ്രധാനമന്ത്രിയെയും കേന്ദ്രത്തെയും പുകഴ്ത്താൻ നികുതിദായകരുടെ എത്ര കോടി രൂപയാണ് പരസ്യത്തിനായി വിനിയോഗിച്ചതെന്നു വ്യക്തമാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. നോട്ടു നിരോധം വലിയൊരു അഴിമതി തന്നെയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും പറഞ്ഞു. നൂറുകണക്കിനു മനുഷ്യർ മരിക്കുകയും കോടിക്കണക്കിനു രൂപയുടെ വരുമാനം നിലയ്ക്കുകയും ചെയ്ത നടപടി അഴിമതി അല്ലാതെ മറ്റെന്താണെന്ന് മമത ചോദിച്ചു. രാജ്യത്തെയും പാർലമെന്ററി സമതിയെയും നോട്ടു നിരോധവുമായി ബന്ധപ്പെടുത്തി റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ തെറ്റിദ്ധരിപ്പിച്ചുവെന്ന് സമാജ്‌വാദി പാർട്ടി നേതാവ് നരേഷ് അഗർവാൾ ആരോപിച്ചു.